നയനസൂര്യന്റെ മരണകാരണം സങ്കീർണമാക്കിയത് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് മെഡി. ബോർഡ്

Mail This Article
തിരുവനന്തപുരം ∙ സംവിധായിക നയന സൂര്യന്റെ മരണകാരണം വിലയിരുത്തുന്നത് സങ്കീർണമാക്കിയത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പിഴവുകളെന്ന സംശയവുമായി മെഡിക്കൽ ബോർഡ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളുകയായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻ നാലു വർഷത്തിനു ശേഷം തിരുത്തൽ റിപ്പോർട്ട് എന്തിനു നൽകിയതെന്നതിനെക്കുറിച്ചും മെഡിക്കൽ ബോർഡിൽ ചോദ്യമുണ്ടായി. 2019 ഫെബ്രുവരി 24ന് ആണ് തിരുവനന്തപുരത്ത് വാടകവീട്ടിലെ മുറിയിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം.
നയനയുടെ കഴുത്തിൽ മുപ്പത്തൊന്നര സെന്റിമീറ്റർ നീളത്തിലുള്ള മുറിവുണ്ടായിരുന്നെന്നും കഴുത്ത് ഞെരിഞ്ഞതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയതുമാണ് ബന്ധുക്കളിലും സുഹൃത്തുക്കളിലും സംശയത്തിനിടയാക്കിയത്. ഈ വർഷം ആദ്യമാണ് ബന്ധുക്കൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചത്. കഴുത്തിൽ 2 ചെറിയ മുറിവുകളും 4 ഭാഗങ്ങളിൽ നിറവ്യത്യാസവും ഉള്ളതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. നിറ വ്യത്യാസങ്ങൾ ഉൾപ്പെടെ മരണത്തിനു മുൻപു സംഭവിച്ച മുറിവുകളായിട്ടാണ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൊടുത്ത് 4 വർഷം കഴിഞ്ഞാണ് തിരുത്തൽ സർട്ടിഫിക്കറ്റ് പൊലീസ് സർജൻ നൽകിയത്. ആദ്യ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്ന മുപ്പത്തൊന്നര സെന്റീമീറ്റർ നീളമുള്ള മുറിവ് എന്നത് തെറ്റായി ടൈപ്പു ചെയ്തതാണെന്നും, ഈ മുറിവിന് ഒന്നര സെന്റീമീറ്റർ മാത്രമാണ് നീളമുള്ളതെന്നും താടിയിൽ നിന്ന് 25 സെന്റീമീറ്റർ താഴെയാണ് ഈ മുറിവു കണ്ടെത്തിയതെന്നും തിരുത്തൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നു. ആദ്യം പോസ്റ്റ്മോർട്ടം നടത്തിയ മുൻ പൊലീസ് സർജനും മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മുൻ പ്രഫസറുമായ ഡോ.കെ.ശശികലയാണ് തിരുത്തൽ സർട്ടിഫിക്കറ്റ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഇതോടെയാണ് മരണ കാര്യത്തിൽ വ്യക്തത തേടാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. സംസ്ഥാനത്തെ പല ഭാഗങ്ങളിൽ നിന്നുള്ള ഫൊറൻസിക് വിദഗ്ധരെയും സൈക്യാട്രി, കാർഡിയോളജി, പതോളജി വിഭാഗങ്ങളിലെ വിദഗ്ധരെയും മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തിയിരുന്നു. മരണകാരണം കഴുത്ത് ഞെരിഞ്ഞാണെന്ന ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം അപ്രസക്തമാക്കുന്ന തിരുത്തൽ റിപ്പോർട്ട് ആണ് മെഡിക്കൽ ബോർഡിന്റെ നിഗമനങ്ങളിൽ നിർണായകമായത്.
ക്രൈംബ്രാഞ്ച് പറയും: ഡോ.കെ.ശശികല
നയനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡിൽ ഉയർന്ന പരാമർശങ്ങളോട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ ഉദ്യോഗസ്ഥനാണ് പ്രതികരിക്കേണ്ടതെന്ന് പോസ്റ്റ്മോർട്ടം നടത്തിയ മുൻ പൊലീസ് സർജൻ ഡോ.കെ.ശശികല പറഞ്ഞു. കൂടുതൽ പ്രതികരണത്തിന് ഇല്ലെന്ന് അവർ അറിയിച്ചു.
English Summary: Medical board on Nayana Suryan's death