ജസ്റ്റിസ് ആശിഷ് ജെ.ദേശായി കേരള ഹൈക്കോടതിയുടെ 38–ാം ചീഫ് ജസ്റ്റിസാകും

Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ ജസ്റ്റിസ് ആശിഷ് ജെ.ദേശായി കേരള ഹൈക്കോടതിയുടെ 38–ാം ചീഫ് ജസ്റ്റിസാകും. സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കിൽ അടുത്തവർഷം ജൂലൈ നാലിനു വിരമിക്കും.
ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.പി.ദേശായിയുടെ മകനാണ് ആശിഷ് ദേശായി. കഴിഞ്ഞ ഫെബ്രുവരിയിൽ ഗുജറാത്ത് ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായി. 2011 ലാണു ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷനൽ ജഡ്ജിയായത്. നേരത്തേ, ഗുജറാത്ത് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസൽ ആയിരുന്നു.
ശുപാർശ അംഗീകരിച്ചാൽ, ഗുജറാത്ത് ഹൈക്കോടതിയിൽനിന്നു കേരള ചീഫ് ജസ്റ്റിസാകുന്ന ആദ്യ ആളാകും ജസ്റ്റിസ് ദേശായി. ഗുജറാത്ത് ഹൈക്കോടതിയിൽ പലവട്ടം മലയാളി ചീഫ് ജസ്റ്റിസുമാരുണ്ടായിരുന്നു.
മറ്റ് ഹൈക്കോടതികളിലേക്കു ചീഫ് ജസ്റ്റിസുമാരായി ശുപാർശ ചെയ്യപ്പെട്ടവർ: ജസ്റ്റിസ് സുഭാശിഷ് തലപത്ര (ഒഡീഷ), ജസ്റ്റിസ് ഡി.എസ്.ഠാക്കൂർ (ആന്ധ്രപ്രദേശ്), ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ (മണിപ്പുർ), ജസ്റ്റിസ് അലോക് അരഥെ (തെലങ്കാന), ജസ്റ്റിസ് സുനിത അഗർവാൾ (ഗുജറാത്ത്).
English Summary: New chief justice for Kerala high court