കെഎസ്‌യു പ്രവർത്തകരെ പാതിരാത്രിയിൽ പൊലീസ് സെല്ലിലടച്ചു; പിടിച്ചിറക്കി എംഎൽഎ
Mail This Article
കാലടി∙ ശ്രീശങ്കര കോളജിലെ യൂണിയൻ ഭാരവാഹി ഉൾപ്പെടെ 2 കെഎസ്‌യു പ്രവർത്തകരെ പാതിരാത്രി വീട്ടിൽക്കയറി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നു കാലടി പൊലീസ് സ്റ്റേഷനു മുന്നിൽ ജനപ്രതിനിധികളുടെ പ്രതിഷേധം. പൊലീസ് സ്റ്റേഷനിലെ സെല്ലിൽ അടച്ചിട്ട പ്രവർത്തകരെ റോജി എം. ജോൺ എംഎൽഎ പുറത്തേക്കു വലിച്ചിറക്കിയതു വിവാദമായി.
പ്രവർത്തകരെ അകാരണമായാണ് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചു റോജിയും ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ എന്നിവരും പ്രവർത്തകരും 5 മണിക്കൂറോളം സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഞായറാഴ്ച പുലർച്ചെ 4.30നാണു പ്രതിഷേധം ആരംഭിച്ചത്. ഒൻപതരയോടെ ആലുവ എഎസ്പി ജുവനപ്പടി മഹേഷ് സ്റ്റേഷനിലെത്തി പൊലീസിനു വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന ഉറപ്പു നൽകിയതിനെത്തുടർന്നാണു പ്രതിഷേധം അവസാനിപ്പിച്ചത്.
കെഎസ്‌യു യൂണിറ്റ് പ്രസിഡന്റും കോളജ് യൂണിയൻ മാഗസിൻ എഡിറ്ററുമായ രാജീവ് വാലപ്പൻ, പ്രവർത്തകനായ ഡിജോൺ എന്നിവരെയാണു ശനിയാഴ്ച അർധരാത്രിയോടെ വീടുകളിൽ കയറി അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ശ്രീശങ്കര കോളജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നെടുത്ത കേസിലായിരുന്നു അറസ്റ്റ്. വെള്ളിയാഴ്ച അർധരാത്രി തന്നെ ജോമോൻ, അഭിജിത്ത്, സരീഷ്, സന്ദീപ്, വിഷ്ണു എന്നീ വിദ്യാർഥികളെയും വീട്ടിൽക്കയറി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ശനിയാഴ്ച കോടതി ജാമ്യത്തിൽ വിട്ടു. ഇതിനു പിന്നാലെയാണു ശനിയാഴ്ച രാജീവ് വാലപ്പനെയും ഡിജോണിനെയും അറസ്റ്റ് ചെയ്തത്.
ആദ്യം അറസ്റ്റിലായ വിദ്യാർഥികൾക്കു നേരെ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചതായും ആരോപണമുയർന്നു. എന്നാൽ, പൊലീസ് ഇതു നിഷേധിച്ചു. സംഭവമറിഞ്ഞ് എംപിയും എംഎൽഎമാരും സ്റ്റേഷനിലെത്തുമ്പോൾ പ്രവർത്തകരെ സെല്ലിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ക്ഷുഭിതനായി പൊലീസിനോടു തർക്കിച്ച റോജി എം.ജോൺ ഇവരെ സെല്ലിൽനിന്നു പുറത്തേക്കു വലിച്ചിറക്കി.
English Summary: Congress Leaders Protest at Kalady Police Station