നാട്ടാനകളുടെ ജനിതക വിവരങ്ങൾ വീണ്ടും ക്രോഡീകരിക്കുന്നു; ഏപ്രിൽ 1 മുതൽ വനം ജീവനക്കാർക്കു പരിശീലനം
Mail This Article
കോഴിക്കോട്∙ സംസ്ഥാനത്തെ നാട്ടാനകളുടെ രക്ത സാംപിളുകൾ വീണ്ടും ശേഖരിച്ച് ജനിതക വിവരങ്ങൾ ക്രോഡീകരിക്കാൻ വനം വകുപ്പ് തീരുമാനം. അതതു ജില്ലകളിൽ ആനകളുടെ ക്യാംപിൽ എത്തിയാണ് വിവരങ്ങൾ ശേഖരിക്കുക. ഏപ്രിൽ ഒന്നു മുതൽ ഇതിനായുള്ള പരിശീലനം വനം വകുപ്പ് ജീവനക്കാർക്ക് നൽകി ഡോക്ടർമാരും ആന ഉടമകളും ഉൾപ്പെടുന്ന ഗ്രൂപ്പുകൾ രൂപീകരിച്ചായിരിക്കും നടപടി. 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.
നാട്ടാനകളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിനും സംസ്ഥാനാന്തര മാറ്റത്തിനും വിവര ക്രോഡീകരണത്തിനും കേന്ദ്രം പുതിയ ചട്ടം കൊണ്ടുവന്നതോടെ കേരളത്തിന് വീണ്ടും വിവരങ്ങൾ ശേഖരിക്കേണ്ട സ്ഥിതി വന്നത്. 2019ൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി വഴി നാട്ടാനകളുടെ ഡിഎൻഎ വിവരങ്ങൾ ശേഖരിച്ചിരുന്നെങ്കിലും അത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷനിലേക്ക് അപ്‌ലോഡ് ചെയ്യാൻ സാധിക്കില്ലെന്നു വ്യക്തമായി.
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്ന രീതിയിൽ ഡിഎൻഎ വിവരങ്ങൾ ശേഖരിക്കാനുള്ള കിറ്റ് വനം പരിസ്ഥിതി മന്ത്രാലയം കേരളത്തിനു നൽകിയിരുന്നു. ഇതുപയോഗിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് ഇനി പരിശീലനം നൽകുന്നത്. അതേ സമയം വനം വകുപ്പിൽ വെറ്ററിനറി ഡോക്ടർമാരുടെ കുറവ് തിരിച്ചടിയാവുന്നുണ്ട്. 20 തസ്തികകളിൽ 9 ഒഴിവുകളാണ് നിലവിലുള്ളത്. മൃഗസംരക്ഷണ വകുപ്പിലും വേണ്ടത്ര വെറ്ററിനറി ഡോക്ടർമാർ ഇല്ല. വനം ജീവനക്കാർക്കുതന്നെ പരിശീലനം നൽകി ഈ പ്രശ്നം പരിഹരിക്കാനാണ് ശ്രമം. കേരളത്തെക്കാൾ കൂടുതൽ നാട്ടാനകൾ ഉള്ള അസമിൽ പുതിയ രീതിയിലുള്ള വിവര ശേഖരണം ഈ മാസം പൂർത്തിയാവും. കേന്ദ്ര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്താൽ മാത്രമേ ആനകളുടെ സംസ്ഥാനാന്തര കൈമാറ്റം സാധ്യമാവൂ.