സൂര്യാഘാതം: സംസ്ഥാനത്ത് 2 മരണം കൂടി; വിദ്യാഭ്യാസസ്ഥാപനങ്ങൾ തിങ്കളാഴ്ച വരെ അടച്ചിടും
Mail This Article
തിരുവനന്തപുരം ∙ കൊടുംചൂടേറ്റ് സംസ്ഥാനത്തു 2 മരണം കൂടി; കൂടുതൽ സുരക്ഷാ നടപടികളുമായി സർക്കാർ. ഈ മാസം 6 വരെ സംസ്ഥാനത്തെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. പരീക്ഷകൾക്കു മാറ്റമില്ല.
ഓൺലൈനായി ചേർന്ന യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി ഡോ.വി.വേണു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ, ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
നിർദേശങ്ങൾ:
∙ സ്കൂൾ വിദ്യാർഥികൾക്ക് അവധിക്കാല ക്ലാസുകൾ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ പാടില്ല.
∙ പൊലീസ്, അഗ്നിരക്ഷാസേന, മറ്റു സേനാവിഭാഗങ്ങൾ, എൻസിസി, എസ്പിസി തുടങ്ങിയവയുടെ പകൽ സമയത്തെ പരേഡും ഡ്രില്ലും ഒഴിവാക്കണം.
∙ ആസ്ബസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇത്തരം വീടുകളിൽ താമസിക്കുന്ന അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാംപുകളിലേക്കു മാറ്റണം.
∙ കലാ-കായിക പരിപാടികൾ പകൽ 11– 3 വരെ നടത്തരുത്.
∙ ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം.
∙ ലയങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ശുദ്ധജലം ഉറപ്പാക്കണം.
∙ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തി മുൻകരുതൽ എടുക്കണം.
4 ജില്ലകളിൽ യെലോ അലർട്ട്
സംസ്ഥാനത്തു പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും പകൽ ചൂടിനു കുറവില്ല. ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ ഈ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.
2 തൊഴിലാളികൾ പൊള്ളി മരിച്ചു
കൽപ്പണിക്കാരനായ മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി പാലേംപടിയൻ മുഹമ്മദ് ഹനീഫ (62), പെയ്ന്റിങ് ജോലിക്കാരൻ കോഴിക്കോട് ചക്കുംകടവ് പൈങ്ങായിപറമ്പിൽ താമസിക്കുന്ന കണിയേരി വീട്ടിൽ വിജേഷ് (41) എന്നിവരാണു സൂര്യാഘാതമേറ്റു മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്കു മലപ്പുറം താമരക്കുഴിൽ വീടു പണി കഴിഞ്ഞു മടങ്ങാനിരിക്കെ ഹനീഫ കുഴഞ്ഞു വീണു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്.
പുലർച്ചെ 6 മുതൽ കൽപ്പണിയിൽ ഏർപ്പെട്ടിരുന്ന ഹനീഫയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ശരീരോഷ്മാവ് 106 ഡിഗ്രി ആയിരുന്നെന്ന് ഡിഎംഒ ഓഫിസ് അറിയിച്ചു.
പെയ്ന്റിങ് പണിക്കിടെ ഏപ്രിൽ 30 ന് സൂര്യാഘാതമേറ്റു കുഴഞ്ഞുവീണ വിജേഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ മരിച്ചു.