ADVERTISEMENT

ബഹുമാനപ്പെട്ട ഫാ.ടി.ജെ ജോഷ്വ(ജോഷ്വ അച്ചൻ) എന്റെ ഗുരുവാണ്. സഭയിലെ സീനിയർ മെത്രാപ്പൊലീത്ത  ക്ലീമീസ് തിരുമേനി (88) അദ്ദേഹത്തിന്റെയും ഗുരുവായിരുന്നു. സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരുടെയും ഗുരുവാണ് അദ്ദേഹം. അച്ചനെക്കുറിച്ച് ബഹുമുഖ പ്രതിഭ എന്ന് ഒറ്റവാക്കിൽ പറയാം. എല്ലാ രംഗങ്ങളിലും ശോഭിച്ച, സഭയ്ക്കു ലഭിച്ച ദൈവദാനമാണ് അദ്ദേഹം. സഭയുടെ ശുശ്രൂഷാ രംഗത്ത് എല്ലാ മേഖലകളിലും ഇത്രയധികം ശോഭിച്ചിട്ടുള്ള മറ്റൊരു വ്യക്തിയില്ല. ചെറുപ്രായത്തിൽ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുവാൻ മാതാപിതാക്കളോടൊപ്പം വാഴൂരും സമീപപ്രദേശങ്ങളിലും കൺവൻഷൻ പന്തലുകളിൽ സ്ഥിരമായി പോയിക്കൊണ്ടിരുന്നത് ഓർക്കുന്നു.  വൈദികൻ ആകാനുള്ള പ്രേരണ പോലും അദ്ദേഹത്തിനെ കേട്ടതിൽ നിന്നാണ് എനിക്ക് ലഭിച്ചതെന്നു പറയാം. സെമിനാരിയിൽ വരുന്നതിനു മുൻപ് യുവജന പ്രസ്ഥാനത്തിന്റെ ചുമതലയിൽ ഇരിക്കുമ്പോഴും അദ്ദേഹത്തെ കൺവൻഷനുകളിലും പരിപാടികളിലും വിളിച്ചു കൊണ്ടു പോയി പ്രസംഗിപ്പിച്ചിട്ടുണ്ട്. സെമിനാരിയിൽ വിദ്യാർഥിയായിരിക്കുമ്പോൾ എന്നെ ഏറ്റവും സ്വാധീനിച്ച രണ്ടു വ്യക്തികളിൽ ഒരാൾ ജോഷ്വ അച്ചനും മറ്റൊരാൾ പിന്നീട് ഒസ്താത്തിയോസ് തിരുമേനിയായ ജോർജ് അച്ചനുമായിരുന്നു. അമേരിക്കയിൽ പോയി ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെല്ലാം നേടി സെമിനാരിയിൽ പഠിപ്പിക്കാൻ എത്തിയവരാണ് രണ്ടുപേരും. അരനൂറ്റാണ്ടിലേറെ അദ്ദേഹം സെമിനാരിയിൽ അധ്യാപനം നടത്തി. പുതിയനിയമം, പഴയനിയമം, കൗൺസലിങ്, വിദ്യാഭ്യാസം, പ്രസംഗകല ഇതെല്ലാം പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. പതിനായിരക്കണക്കിന് ശിഷ്യർ അദ്ദേഹത്തിനുണ്ട്. പൗലോസ് ശ്ലീഹായുടെ  ലേഖനങ്ങളായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. പ്രസംഗങ്ങൾ ആയാലും ക്ലാസുകൾ ആയാലും അക്കമിട്ട് മനുഷ്യർക്കു മനസ്സിലാകുന്ന രീതിയിൽ പറഞ്ഞിരുന്നു രീതിയായിരുന്നു അദ്ദേഹത്തിന്റെ.ചരമ ശ്രുശ്രൂഷയിലോ വിവാഹ കൂദാശയിലോ ആകട്ടെ  ഒന്ന്, രണ്ട്, മൂന്ന് രീതിയിൽ അക്കമിട്ട് പറയുന്നത് അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. ക്രമീകൃതമായി ഒരു കാര്യത്തെ അവലോകനം നടത്താനും സമഗ്രമായി അത് പഠിക്കാനും മറ്റുള്ളവർക്കു മനസ്സിലാക്കി കൊടുക്കുന്നതിനും അദ്ദേഹത്തിന് പ്രത്യേകമായ കഴിവുണ്ടായിരുന്നു. 

ദൈവവചന വ്യാഖ്യാനത്തിനുള്ള താൽപര്യമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എഴുതാനുള്ള താൽപര്യമായിരുന്നു അടുത്ത പ്രത്യേകത. അതുകൊണ്ടാണ് എഴുപതിലേറെ പുസ്തകങ്ങൾ അദ്ദേഹം എഴുതിയത്. ഏറെ വായനക്ഷമമായിരുന്നു അവ. പതിറ്റാണ്ടുകളോളം മലയാള മനോരമയിൽ അദ്ദേഹം എഴുതിയ ‘ഇന്നത്തെ ചിന്താവിഷയം’ ഒരു ശുശ്രൂഷ തന്നെയായിരുന്നു. വേദപുസ്തക അടിസ്ഥാനത്തിലുള്ള അവ ഏതാണ്ട് പതിനേഴോളം വോള്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുള്ളവരെ എഴുതാൻ പ്രേരിപ്പിക്കുന്നു ആളുമായിരുന്നു അദ്ദേഹം. സെമിനാരിയിലെ ദിവ്യബോധന പരിപാടിയിൽ അദ്ദേഹം മരിക്കുന്നതുവരെയും ഡയറക്ടറായിരുന്നു. ആ പരിപാടിയിൽ ഏറ്റവും അധികം പുസ്തകങ്ങൾ എഴുതിയിട്ടുള്ളതും അച്ചനായിരുന്നു. സഹ അധ്യാപകരെക്കൊണ്ടും അദ്ദേഹം പുസ്തകം എഴുതിച്ചു. അദ്ദേഹത്തിന്റെ വേദപുസ്തകം വ്യാഖ്യാനം പരമ്പരയായി വന്നിട്ടുണ്ട്. വേദപുസ്തക നിഘണ്ടു, സഭാ വിജ്ഞാനകോശം എന്നിവയെല്ലാം എഴുതിയിരുന്നതും അദ്ദേഹത്തിന്റെ താൽപര്യത്തിലായിരുന്നു. കുടുംബത്തെ ജീവിതത്തെക്കുറിച്ചും ശക്തമായ ലേഖനങ്ങൾ അദ്ദേഹം എഴുതുക മാത്രമല്ല പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയുന്ന വീടുകളിൽ കടന്നു ചെന്ന് പ്രശ്നപരിഹാരത്തിനായും പ്രവർത്തിച്ചിരുന്നു. കുടുംബ ജീവിതത്തിന്റെ പരിപാവനതയെ അദ്ദേഹം അത്രമാത്രം ബഹുമാനിച്ചിരുന്നു.കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളെ സധൈര്യം നേരിട്ടതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. രോഗാവസ്ഥയിലും നിരാശ ഒരിക്കലും അദ്ദേഹത്തെ ബാധിച്ചില്ല. കാൻസറിനെക്കുറിച്ചും അദ്ദേഹം പുസ്തകം എഴുതി മറ്റുള്ളവർക്ക്  സാന്ത്വനമേകി.ഒരിക്കൽ കാൻസർ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയറ്ററിലേക്ക് പോകുമ്പോൾ കാലം ചെയ്ത ഇവാനിയോസ് തിരുമേനി ഞാനും ചേർന്നാണ് തൈലാഭിഷേകം നടത്തിയത്.അദ്ദേഹം സന്തോഷത്തോടെ അത് സ്വീകരിച്ച് പിന്നീട് സൌഖ്യം വന്ന് ജീവിതത്തിലേക്ക് സന്തോഷത്തോടെ തിരിച്ചു വന്നു.ദൈവം തരുന്ന വലിയ കൃപയാണ് രോഗങ്ങളെ അതിജീവിക്കാനുള്ള ശക്തി എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ദൈവം തരുന്നതെല്ലാം സന്തോഷത്തോടെ സ്വീകരിക്കാൻ പഠിപ്പിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്. ആരോഗ്യ കാര്യങ്ങളിലും അദ്ദേഹം വളരെ ശ്രദ്ധിച്ചിരുന്നു.

English Summary:

Baselios Marthoma Mathews III about Fr. TJ Joshua

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com