1.5 ഡിഗ്രി കടന്ന് ലോക താപനില

Mail This Article
പത്തനംതിട്ട ∙ ഭൂമിയിൽ അനുഭവപ്പെടുന്ന ശരാശരി താപനില 1.5 ഡിഗ്രി സെൽഷ്യസ് വർധിച്ചെന്നു സ്ഥിരീകരിച്ച് ലോക കാലാവസ്ഥാ സംഘടന. 2024 ൽ ഭൂമിയിലെയും സമുദ്രത്തിലെയും താപനിലയിലെ കുതിച്ചുകയറ്റം മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലായിരുന്നു എന്നും വേൾഡ് മിറ്റീയറോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) വ്യക്തമാക്കി. 1.5 ഡിഗ്രിയിൽ അധികരിക്കാതെ താപവർധനയെ തടഞ്ഞുനിർത്തണമെന്ന പാരിസ് കരാർ പരാജയപ്പെടുന്ന സ്ഥിതിയാണ്. 2024 ലോകചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമാണ്.
താപനില ഒരു പോയിന്റ് വർധിക്കുന്നതുപോലും ലോക കാലാവസ്ഥയെ തീവ്രമാക്കുമെന്നു ലോക കാലാവസ്ഥാ സംഘടന സെക്രട്ടറി ജനറൽ സെലസ്റ്റാ ശൗലോ ന്യൂഡൽഹിയിലെ കാലാവസ്ഥാ വകുപ്പിന്റെ 150–ാം സമ്മേളനത്തിൽ പറഞ്ഞു. പാരിസ് കരാർ പരാജയപ്പെടുമെന്നല്ല ഇതിനർഥം. തിരികെ പിടിക്കാൻ കുറച്ചു സമയം കൂടി അവശേഷിച്ചിട്ടുണ്ട്. പെട്രോളിയം– കൽക്കരി– കാർബൺ നിഗമനം കുറച്ചില്ലെങ്കിൽ ഭാവി അനിശ്ചിതത്വത്തിലാകുമെന്നുമുള്ള മുന്നറിയിപ്പാണ് ഇതെന്നും സെലസ്റ്റാ ശൗലോ മനോരമയോടു പറഞ്ഞു.