സഭാതർക്കം: 6 പള്ളികളുടെ ഭരണം സംബന്ധിച്ച കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി തടഞ്ഞു

Mail This Article
ന്യൂഡൽഹി ∙ ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികളുടെ ഭരണം ഏറ്റെടുക്കാനുള്ള ഉത്തരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികളിൽ ഇതുവരെയുള്ള കേരള ഹൈക്കോടതി നടപടികൾ സുപ്രീം കോടതി റദ്ദാക്കി. ഇനി ഹർജികളുടെ വിശദാംശങ്ങളിലേക്കു കടക്കുംമുൻപ് ഹൈക്കോടതി തീരുമാനിക്കേണ്ട ഏതാനും വിഷയങ്ങൾ സുപ്രീം കോടതി നിർദേശിച്ചു. വിധിപ്പകർപ്പ് പുറത്തുവന്നാലേ വിശദാംശങ്ങൾ വ്യക്തമാകൂ.
6 പള്ളികൾ ഓർത്തഡോക്സ് സഭയ്ക്കു കൈമാറാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് നേരത്തേ ഡിവിഷൻ ബെഞ്ചും ശരിവച്ചിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ നൽകിയ പ്രത്യേകാനുമതി ഹർജിയിലാണ് ജഡ്ജിമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരുടെ ബെഞ്ചിന്റെ നടപടി.
മതവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ സർക്കാരിനെ എത്രത്തോളം ഉൾപ്പെടുത്താനാകും, സുപ്രീം കോടതിയുടെ മുൻ ഉത്തരവ് പൂർണമായ രീതിയിൽ നടപ്പാക്കിയോ, സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിക്കിട്ടാൻ നൽകുന്ന റിട്ട് ഹർജി നിലനിൽക്കുമോ തുടങ്ങിയ വിഷയങ്ങൾ ഹൈക്കോടതി പരിഗണിക്കണം. ആരാധനാലയങ്ങളിൽ പൊലീസ് ഇടപെടുന്നതിന്റെ ഒൗചിത്യത്തിൽ കോടതി സംശയമുന്നയിച്ചു.
മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട സംസ്ഥാന നിയമം കോടതിയലക്ഷ്യ വിഷയത്തിൽ എങ്ങനെയാണു ബാധകമാകുക, മതപരമായ തർക്കത്തിലുള്ള സ്ഥലം ഏറ്റെടുത്തു നൽകാൻ ഹൈക്കോടതിക്ക് സർക്കാരിനോടു നിർദേശിക്കാമോ തുടങ്ങിയ സംഗതികളും കോടതിയലക്ഷ്യ ഹർജി തീർപ്പാക്കുമ്പോൾ പരിഗണിക്കണമെന്നും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും ഭാഗം കേൾക്കണമെന്നും കോടതി നിർദേശിച്ചു.