രോഗങ്ങളുടെ വകഭേദങ്ങൾക്ക് തദ്ദേശീയ പരിഹാരങ്ങൾ വികസിപ്പിക്കണം: കേന്ദ്രമന്ത്രി

Mail This Article
തിരുവനന്തപുരം ∙ രോഗങ്ങളുടെ പ്രാദേശിക വകഭേദങ്ങളെ പ്രതിരോധിക്കാൻ അതനുസരിച്ചു പ്രത്യേകമായി തയാറാക്കുന്ന വൈദ്യശാസ്ത്ര പരിഹാരങ്ങൾ വേണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. തദ്ദേശീയമായി വാക്സീൻ വികസിപ്പിച്ചെടുക്കുന്നതിന്റെ പ്രാധാന്യം നാം മനസ്സിലാക്കിയതാണ്. വാക്സീൻ, ആന്റിബയോട്ടിക്സ്, ജീൻ തെറപ്പി തുടങ്ങിയവ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ജീനോമിക് സീക്വൻസിങ്ങിലും ബയോ മാനുഫാക്ചറിങ്ങിലും ലോകത്തെ നയിക്കുന്ന ശക്തിയായി ഇന്ത്യയെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പുതുതായി നിർമിച്ച പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന ബ്ലോക്കും (പിഎംഎസ്എസ്‌വൈ ബ്ലോക്ക്) പേവാർഡ്, കണക്ടിങ് ബ്രിജ്, ബഹുനില കാർ പാർക്കിങ് എന്നിവയും ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
അടുത്ത മൂന്നു വർഷത്തിനകം രാജ്യത്തെ എല്ലാ ജില്ലകളിലും ഡേകെയർ സംവിധാനം ഒരുക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ഓൺലൈൻ ആയി പങ്കെടുത്ത കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ പറഞ്ഞു. ഇറക്കുമതി ചെയ്ത ജീവൻരക്ഷാ ഉപകരണങ്ങൾ താങ്ങാനാകാത്ത സാധാരണക്കാർക്ക് ഉന്നതനിലവാരമുള്ള ഉപകരണങ്ങൾ കുറഞ്ഞ നിരക്കിൽ വികസിപ്പിച്ചു നൽകിയ സ്ഥാപനമാണ് ശ്രീചിത്രയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മന്ത്രി വീണാ ജോർജ്, നിതി ആയോഗ് അംഗം ഡോ.വിജയ് കുമാർ സാരസ്വത്, ശശി തരൂർ എംപി , വി.മുരളീധരൻ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. അഭയ് കരൺദികർ, കോർപറേഷൻ കൗൺസിലർ ഡി.ആർ.അനിൽ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.സഞ്ജയ് ബിഹാരി എന്നിവർ പ്രസംഗിച്ചു.