ആ വ്യത്യസ്തനെ ഒടുവിൽ തിരിച്ചറിഞ്ഞു!

Mail This Article
പൊതുവിൽ തമാശക്കാരനായി കാണാറുള്ള കെ.ഡി.പ്രസേനൻ ജീവിതത്തെ തികച്ചും ഗൗരവത്തോടെ സമീപിക്കുന്നയാളാണെന്ന് ബോധ്യമായ മുഹൂർത്തത്തിന് ഇന്നലെ സഭ വേദിയായി. അനൗദ്യോഗിക ബില്ലുകളുടെ ‘വെള്ളിയാഴ്ച’ ആയിരുന്നു ഇന്നലെ. ‘മെഡിക്കൽ പഠനാവശ്യത്തിന് മൃതശരീരങ്ങൾ വിട്ടുനൽകലും പ്രോത്സാഹിപ്പിക്കലും’ ബില്ലുമായി മുഹമ്മദ് മുഹസിൻ എത്തിയപ്പോഴാണ് ‘വ്യത്യസ്തനായ പ്രസേനനെ’ സഭ തിരിച്ചറിഞ്ഞത്. വിദ്യാർഥികളുടെ ആവശ്യത്തിനായി ഭൗതിക ശരീരം വിട്ടുകൊടുക്കാൻ തയാറായ വ്യക്തിയായിരുന്നു തന്റെ പിതാവെന്നു പ്രസേനൻ പറഞ്ഞപ്പോൾ അഭിനന്ദന ശബ്ദം മുഴങ്ങി. കഴിഞ്ഞില്ല; അമ്മയും താനും ഭാര്യയും അതേ തീരുമാനം കൈക്കൊള്ളുകയും നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്തവരാണെന്നു കൂട്ടിച്ചേർത്തതോടെ സഭ നിർന്നിമേഷമായി; മാതൃകാപരമായ ആ തീരുമാനത്തിന് അഭിനന്ദനങ്ങൾ ഒഴുകിയെത്തി..
മുഹസിൻ അതോടെ തത്വജ്ഞാനിയായി: ‘മരിച്ചവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്നതാണല്ലോ ഇതിൽ സംഭവിക്കുന്നത്’. കെ.ടി.ജലീലും ചാണ്ടി ഉമ്മനും മുഹസിനെ പിന്തുണച്ചു. പ്രസേനനിൽ നിന്നു പ്രചോദിതനായി അപ്പോൾ ഇ.കെ.വിജയൻ ഒരു നിർദേശം വച്ചു. ‘ഈ തീരുമാനം എടുത്തവരും എടുക്കാൻ താൽപര്യപ്പെടുന്നവർ ഇവിടെ വേറെയും ഉണ്ടാകും. അവർക്കായി ഒരു ശിൽപശാല സംഘടിപ്പിക്കാവുന്നതാണ്’.
എംഎൽഎമാർ കൊണ്ടുവരുന്ന ഈ ബില്ലുകൾ സർക്കാരിനെ നിയമ നിർമാണങ്ങൾക്കു പ്രേരിപ്പിക്കാറുണ്ട്. ഗിഗ് തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി ഇതുപോലെ കൊണ്ടുവന്ന ബിൽ സർക്കാർ ഏറ്റെടുത്തതിൽ ചാരിതാർഥ്യം കൊണ്ട എൻ.ജയരാജിന് വീണ്ടും സന്തോഷിക്കാനുള്ള അവസരം മന്ത്രി ആർ.ബിന്ദു നൽകി. വിദേശപഠന കൺസൽറ്റൻസി – ട്രാവൽ ഏജൻസി നിയന്ത്രണ ബില്ലുമായെത്തിയ അദ്ദേഹത്തെ സമാനമായ നിയമനിർമാണം തുടങ്ങിയതായി മന്ത്രി അറിയിച്ചു. അപ്പോൾ അവർക്കിടയിലെ മമത യു.പ്രതിഭ ഇങ്ങനെ വായിച്ചെടുത്തു: ‘ബിൽ കൊണ്ടു വന്ന ചീഫ് വിപ്പും പ്രഫസർ, മറുപടി നൽകിയ മന്ത്രിയും പ്രഫസർ!.
‘പൊതുനിരത്തുകളുടെ പരിപാലനവും സംരക്ഷണവും ബില്ലു’മായി ജി.സ്റ്റീഫൻ വന്നപ്പോൾ നിർദേശങ്ങളുടെ പെരുമഴയാണ് ഉണ്ടായത്. കാർഷികോൽപന്നങ്ങൾക്ക് തറവില ഉറപ്പാക്കാനുള്ള ബിൽ അവതരിപ്പിച്ച കുറുക്കോളി മൊയ്തീൻ കർഷകരുടെ ശബ്ദമായി മാറി. പഞ്ചാബിലെ കർഷകർക്കും തലസ്ഥാനത്തെ ആശാ വർക്കർമാർക്കും ഒരേ അവസ്ഥയാണെന്ന് പരിതപിച്ചു. കേരളത്തിലെ കാവുകൾ സംരക്ഷിക്കാനായി നിയമം വേണമെന്ന അനൂപ് ജേക്കബിന്റെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ ഉറപ്പു നൽകി. വിനോദസഞ്ചാര മേഖലയിലെ തൊഴിലാളികൾക്കുള്ള ക്ഷേമനിധിയായിരുന്ന സജീവ് ജോസഫിന്റെ ബില്ലിലെ സ്വപ്നം. ഹോട്ടലുകളിലെ ഭക്ഷണവും വിലയും നിയന്ത്രിക്കാനുള്ള അവകാശബില്ലുമായി എത്തിയ സി.എച്ച്. കുഞ്ഞമ്പു ‘മിതമായ വിലയ്ക്ക് നല്ല ഭക്ഷണം അവകാശ’മായി പ്രഖ്യാപിച്ചു. ബേക്കറി കൂടി ബില്ലിന്റെ പരിധിയിൽ പെടുത്തണമെന്ന് ആവശ്യപ്പെട്ട കെ.പി.കുഞ്ഞമ്മദ് കുട്ടി ഉള്ളിലെ പലഹാര പ്രേമിയെ സ്വയം വെളിപ്പെടുത്തി.