സമരത്തിൽ പങ്കെടുത്ത 146 ആശമാർക്ക് ഫെബ്രുവരിയിലെ ഓണറേറിയം നൽകിയില്ല

Mail This Article
ആലപ്പുഴ ∙ ജില്ലയിലെ ആശാ പ്രവർത്തകരിൽ ഒരു വിഭാഗത്തിനു ഫെബ്രുവരിയിലെ ഓണറേറിയം നൽകിയില്ല. സമരത്തിൽ പങ്കെടുത്തതിന്റെ പ്രതികാരമെന്ന് ആരോപണം. ഓണറേറിയം ലഭിക്കാത്തവർ ജില്ലാ പ്രോജക്ട് മാനേജരെ കണ്ടു പരാതി അറിയിച്ചു. സാങ്കേതിക തടസ്സമാകാം കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. നിർദേശിച്ച ജോലികൾ മുഴുവൻ പൂർത്തിയാക്കിയിട്ടും ഒരു ദിവസം സമരത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് ഓണറേറിയം നിഷേധിച്ചതെന്നു കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആരോപിച്ചു. ഓണറേറിയം ലഭിക്കാത്ത 146 പേരുടെ വിവരം അസോസിയേഷൻ ഭാരവാഹികൾ ജില്ലാ പ്രോഗ്രാം മാനേജർക്കു നൽകിയിട്ടുണ്ട്. ഇതിലും കൂടുതൽ ആളുകൾക്ക് ഓണറേറിയം ലഭിക്കാനുണ്ടെന്നും സമരത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പൊലീസ് അന്വേഷിച്ചിരുന്നെന്നും ഭാരവാഹികൾ പറയുന്നു.
ഓണറേറിയം ലഭിക്കാൻ എന്താണു തടസ്സമെന്നു പരിശോധിച്ച് ഉടൻ പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇന്നും ലഭിക്കുന്നില്ലെങ്കിൽ ശക്തമായ സമരം തുടങ്ങും. സമരത്തിൽ പങ്കെടുത്തവരിൽ ചിലർക്ക് ഓണറേറിയം ലഭിച്ചിട്ടുണ്ട്. ആശാ പ്രവർത്തകരെ ഭിന്നിപ്പിച്ചു സമരം പൊളിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും അവർ ആരോപിച്ചു. ഒരേ കേന്ദ്രത്തിൽ ഒരുപോലെ ജോലി ചെയ്തിട്ടും ഓണറേറിയത്തിന്റെ കാര്യത്തിൽ വിവേചനം എന്തുകൊണ്ടെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജി.രേണുകയും സെക്രട്ടറി കെ.എസ്.ഷീലയും നൽകിയ നിവേദനത്തിൽ ചോദിക്കുന്നു.