സിപിഎമ്മിന് ആശ്വാസം; ഡൽഹി ഹൈക്കോടതി വിധിയും തുടർന്നുള്ള എസ്എഫ്ഐഒ നീക്കവും നിർണായകം
Mail This Article
തിരുവനന്തപുരം ∙ സിഎംആർഎൽ– എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം തള്ളിയ ഹൈക്കോടതി വിധി മുഖ്യമന്ത്രിക്കും സിപിഎമ്മിനും ആശ്വാസകരമാണെങ്കിലും അടുത്തമാസമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഡൽഹി ഹൈക്കോടതി വിധിയാണു കേസിൽ നിർണായകമാവുക. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് (എസ്എഫ്ഐഒ) പ്രോസിക്യൂഷൻ അനുമതി കേന്ദ്ര കോർപറേറ്റ് മന്ത്രാലയം തത്വത്തിൽ നൽകിയെന്നാണു വിവരം. എന്നാൽ, എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിക്ക് അനുകൂലമായി കോടതി വിധിയുണ്ടായാൽ അന്വേഷണ റിപ്പോർട്ട് തന്നെ തൽക്കാലം അസ്ഥിരപ്പെടും. നിയമതടസ്സം മറികടക്കാതെ പ്രോസിക്യൂഷൻ നടപടിയും സാധ്യമാകില്ല. കോടതി വിധി മറിച്ചായാൽ, മുഖ്യമന്ത്രിക്കും പാർട്ടിക്കും വലിയ തിരിച്ചടിയാകും.
എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ ബെംഗളൂരു ഹൈക്കോടതിയിൽ വീണാ വിജയൻ നൽകിയ അപ്പീൽ ഹർജി കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. 2024 ഫെബ്രുവരിയിൽ തന്റെ ഹർജി തള്ളിയതിനെതിരെ 5 മാസത്തിനുശേഷമാണു വീണ അപ്പീൽ നൽകിയത്. അപ്പീൽ നൽകേണ്ട സമയപരിധി കഴിഞ്ഞെന്ന നിയമതടസ്സമുള്ളതിനാലാണു കോടതി പരിഗണിക്കാത്തത്. വീണയുടെ ഭാഗത്തുനിന്നു തുടർനീക്കങ്ങളുമുണ്ടായില്ല. ആ നിലയ്ക്ക്, ഡൽഹി ഹൈക്കോടതി വിധിയും തുടർന്നുള്ള എസ്എഫ്ഐഒയുടെ നീക്കവുമാണ് ഇനി കേസിൽ നിയമപരമായി ബാക്കിയുള്ളത്. ഡൽഹി ഹൈക്കോടതി 3 മാസം മുൻപാണ് ഒടുവിൽ കേസ് പരിഗണിച്ചത്. അന്വേഷണ റിപ്പോർട്ട് തയാറായെന്ന് അന്ന് എസ്എഫ്ഐഒ കോടതിയെ അറിയിച്ചിരുന്നു.
മാത്യു കുഴൽനാടന്റെ റിവിഷൻ ഹർജി തള്ളിയ ഹൈക്കോടതി വിധി ഈ ഘട്ടത്തിൽ സിപിഎമ്മിനു രണ്ടു തരത്തിൽ ആഹ്ലാദകരമാണ്. മുഖ്യമന്ത്രിയെ വ്യക്തിപരമായും പാർട്ടിയെ രാഷ്ട്രീയമായും പ്രതിരോധത്തിലാക്കിയ കേസിൽ വിജയം അവകാശപ്പെടാം. പാർട്ടിയുടെ കണ്ണിലെ കരടായ കുഴൽനാടനാണു പരാജയപ്പെട്ടതെന്നതാണു രണ്ടാമത്തേത്. പ്രതിപക്ഷത്തെ രാഷ്ട്രീയനേതാവ് എന്ന നിലയിൽ തന്റെ ദൗത്യമാണു നിർവഹിച്ചതെന്നും സുപ്രീംകോടതിവരെ പോയി നിയമപോരാട്ടം തുടരുമെന്നുമാണു കുഴൽനാടന്റെ നിലപാട്. എന്നാൽ, രാജ്യത്തെ സുപ്രധാന ഏജൻസിയായ എസ്എഫ്ഐഒ അന്വേഷണം നടത്തുമ്പോൾ കേരളത്തിൽ മാത്രം അധികാരമുള്ളതും മുഖ്യമന്ത്രിക്കു കീഴിലുള്ളതുമായ വിജിലൻസിന്റെ അന്വേഷണം ആവശ്യപ്പെട്ടതു ബുദ്ധിയായോ എന്ന വിമർശനമുണ്ട്. എസ്എഫ്ഐഒ അന്വേഷണം നടക്കുമ്പോൾ മറ്റ് അന്വേഷണങ്ങൾക്കു പ്രസക്തിയുണ്ടാകാറില്ല. അഴിമതിയാരോപിക്കാൻ തെളിവു ഹാജരാക്കിയില്ലെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു.