ADVERTISEMENT

തിരുവനന്തപുരം ∙ ആത്മഹത്യ ഉൾപ്പെടെ, ജീവനക്കാരൻ മരണപ്പെടുന്ന സാഹചര്യം പരിഗണിക്കാതെതന്നെ സർക്കാർ സർവീസിൽ അവരുടെ ആശ്രിതർക്കു നിയമനം നൽകാൻ അർഹതയുണ്ടെന്നു സർക്കാർ വ്യക്തമാക്കി. സർവീസിലിരിക്കെ കാണാതായ ജീവനക്കാർ, ജീവിച്ചിരിക്കുന്നതായി നിയമപ്രകാരം തെളിയിക്കപ്പെട്ടില്ലെങ്കിൽ മരിച്ചതായി കണക്കാക്കി ആശ്രിതനിയമനം നൽകാം. ആശ്രിതനിയമന വ്യവസ്ഥകൾ പരിഷ്കരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതിനു പിന്നാലെ ഉദ്യോഗസ്ഥ– ഭരണപരിഷ്കാര വകുപ്പ് ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 

മരണപ്പെട്ട ജീവനക്കാരന്റെ  കുടുംബ വാർഷിക വരുമാനം 8 ലക്ഷം കവിയാൻ പാടില്ലെന്ന് ഉത്തരവിലുണ്ട്. ഇവരുടെ വസ്തുവകകളിൽ നിന്നുള്ള വരുമാനവും പരിഗണിക്കാം. പ്രത്യേകമായി താമസിക്കുന്ന വിവാഹിതരായ ആൺ, പെൺമക്കളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ വരുമാനം പരിഗണിക്കില്ല. 

എന്നാൽ, വിവാഹിതരായ മകനോ മകളോ ആശ്രിത നിയമനത്തിന് അപേക്ഷ സമർപ്പിക്കുമ്പോൾ പങ്കാളിയുടെ വരുമാനം ഉൾപ്പെടുത്തും. വരുമാനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായാൽ കലക്ടറുടെ റിപ്പോർട്ട് പരിഗണിക്കും. 


മറ്റ് നിർദേശങ്ങൾ: 

∙ സർവീസിലിരുന്ന ജീവനക്കാർ മരണമടഞ്ഞ് ഒരു വർഷത്തിനകമുള്ള കുടുംബവാർഷിക വരുമാന സർട്ടിഫിക്കറ്റ് നൽകണം. 

∙എല്ലാ വകുപ്പിലെയും ആശ്രിതനിയമനത്തിനായി മാറ്റിവച്ച തസ്തികകൾ പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. അപേക്ഷിക്കാൻ ഓൺലൈൻ സംവിധാനവും ഒരുക്കും. 18 വയസ്സോ അതിനു മുകളിലോ ഉള്ളവരാണെങ്കിൽ, ജീവനക്കാരൻ മരിച്ച തീയതി മുതൽ 3 വർഷത്തിനകവും അപേക്ഷകൻ 18 വയസ്സിനു താഴെയാണെങ്കിൽ 18 വയസ്സ് പൂർത്തിയായി 3 വർഷത്തിനകവും അപേക്ഷിക്കണം. 

∙ ജോലി സ്വീകരിക്കും മുൻപ് അപേക്ഷ പിൻവലിച്ച് കുടുംബത്തിലെ മറ്റൊരു ആശ്രിതനു നിയമനത്തിനായി അപേക്ഷിക്കാം.  


50 വയസ്സ് കഴിഞ്ഞവർക്ക് അദാലത്ത് നടത്തും 

∙ 50 വയസ്സ് കഴിഞ്ഞ് ആശ്രിതരുടെ സാധുത അപേക്ഷാക്രമത്തിൽ മുൻഗണനാ പട്ടിക പൊതുഭരണ വകുപ്പ് തയാറാക്കും. നിലവിൽ പൊതുഭരണവകുപ്പിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾ ഉണ്ടെങ്കിൽ സാധുതയുള്ള അപേക്ഷ കണക്കാക്കി. നിയമനം കാത്തിരിക്കുന്നവർക്ക് ഒരു അദാലത്ത് നടത്തി താൽപര്യവും യോഗ്യതയും ഉള്ളവർക്കു നിയമനം നൽകാം. 

അദാലത്തു കഴിഞ്ഞും ശേഷിക്കുന്നവരെ നിലവിൽ വരുന്ന പദ്ധതിപ്രകാരം തയാറാക്കുന്ന സീനിയോറിറ്റി പട്ടികയിൽ ഉൾപ്പെടുത്തും. ആശ്രിതനിയമത്തിന് അപേക്ഷ സമർപ്പിച്ച് ഇതുവരെ നിയമനം ലഭിക്കാത്തവർക്ക് അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതവും അർഹവുമായ തസ്തികകൾ ഓപ്റ്റ് ചെയ്ത് ഒറ്റത്തവണ അവസരം നൽകി അതിന്റെ അടിസ്ഥാനത്തിൽ നിയമനം നൽകാൻ പരിഗണിക്കും. ഈ പദ്ധതി പ്രകാരം നിയമനം ലഭിച്ച് സൂപ്പർ ന്യൂമററി തസ്തികകളിൽ തുടരുന്ന ജീവനക്കാർ ഉണ്ടെങ്കിൽ ആശ്രിത നിമയനത്തിനായി മാറ്റിവച്ച ഒഴിവുകളിൽ അവരെ റഗുലറൈസ് ചെയ്യണം. 


ആശ്രിതനിയമനം: മുന്നിൽ റവന്യു വകുപ്പ് 

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ആശ്രിതനിയമനം നൽകിയ വകുപ്പുകളിൽ മുൻപന്തിയിൽ റവന്യു വകുപ്പെന്നു സർക്കാർ കണക്കുകൾ. റവന്യു വകുപ്പിന്റെയും സർവേ ഭൂരേഖ ഡയറക്ടറേറ്റിന്റെയും ഓഫിസുകളിലായി ജോലി ചെയ്യുന്ന 19,326 പേരിൽ 1720 പേർ ആശ്രിതനിയമനം ലഭിച്ചവരാണെന്നു നിയമസഭയിൽ മന്ത്രി കെ.രാജൻ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാണ്.

താഴെത്തട്ടിൽ ക്ലാർക്ക് തസ്തികയിൽ ആകെ 4251 പേർ ജോലി ചെയ്യുന്നവരിൽ 522 പേർ (12%) ആശ്രിതനിയമനത്തിലൂടെ സർവീസിലെത്തിയവരാണ്. ആശ്രിതനിയമനം 5% ആയിരിക്കണമെന്നു വ്യവസ്ഥയുണ്ടെങ്കിലും പാലിക്കപ്പെടാത്തത് പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരുടെ അവസരങ്ങൾ നഷ്ടമാക്കുന്നതായി പരാതികളുണ്ട്. പാലക്കാട് ജില്ലയിൽ മാത്രം 123 ക്ലാർക്കുമാരാണ് ആശ്രിത നിയമനവ്യവസ്ഥയിൽ വകുപ്പിൽ ജോലി ചെയ്യുന്നത്.

ആകെയുള്ള 120 ഡപ്യൂട്ടി കലക്ടർമാരിൽ 45 പേർ ആശ്രിതനിയമന വ്യവസ്ഥയിൽ സർവീസിൽ എത്തിയവരാണ്. ഇവരുടെ പേരുവിവരങ്ങൾ അടക്കം, സി.ആർ.മഹേഷിന്റെ ചോദ്യത്തിനു മറുപടിയായി നിയമസഭയിൽ മന്ത്രി നൽകിയിരുന്നു. എന്നാൽ, മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ ഒരുഡസനോളം പേരുകൾ ഒഴിവാക്കിയെന്ന വിവാദവുമുണ്ട്. 


ആശ്രിത നിയമനം: വാദവും മറുവാദവും 

1. ഏകീകൃത സീനിയോറിറ്റി പട്ടികയിൽനിന്ന്‌ എല്ലാ വകുപ്പുകളിലേക്കുമുള്ള ആശ്രിതനിയമനം

. ഇത് ഒഴിവുകളില്ലാത്ത വകുപ്പുകളിൽ നിയമനം വൈകുന്ന രീതി ഒഴിവാക്കാനാണെന്നു സർക്കാർ. 

∙ മരിച്ചയാളുടെ വകുപ്പിൽത്തന്നെ നിയമനത്തിന് മുൻഗണന നൽകുന്ന രീതി നിർത്തലാക്കുന്നത് ശരിയല്ലെന്നാണ് സർവീസ് സംഘടനകളുടെ നിലപാട്. 

2. അപേക്ഷകരുടെ കുടുംബ വാർഷികവരുമാനം 8 ലക്ഷത്തിൽ കൂടാൻ പാടില്ലെന്ന നിബന്ധന നിലനിർത്താൻ തീരുമാനം. 

∙ ഇത് 10 ലക്ഷമാക്കണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചില്ലെന്നു വിമർശനം. വരുമാന പരിധി വർധിപ്പിക്കാത്തതിനാൽ അവസരം നഷ്ടപ്പെടുന്നവർ ഒട്ടേറെ. 

3.
ജീവനക്കാരൻ മരിച്ച ദിവസം, 13 വയസ്സോ അതിനുമുകളിലോ പ്രായമുള്ള ആശ്രിതരെ പരിഗണിക്കും. 18 വയസ്സിൽ തന്നെ ആശ്രിതർക്കു ജോലിക്കു കയറുന്നതിനാൽ മിക്ക വകുപ്പുകളിലും ഇവർ അതിവേഗം ഉയർന്ന തസ്തികയിലെത്തുന്നതു തടയാനാണ് ഭേദഗതി. 

∙ 18 വയസ്സായാൽ  ആശ്രിതർക്കു ജോലി നൽകുന്നത് നിലവിലെ രീതി.  മരിക്കുമ്പോൾ ആശ്രിതർക്ക് നിശ്ചിത വയസ്സു വേണമെന്ന നിബന്ധന ജോലിക്ക് കാത്തിരിക്കേണ്ട സാഹചര്യമുണ്ടാക്കും. ആശ്രിതനിയമനം വേണ്ടാത്തവർക്ക് സമാശ്വാസ ധനം നൽകണമെന്ന ഭരണപരിഷ്‌കാര കമ്മിഷൻ ശുപാർശ പരിഗണിച്ചില്ല. 

4. പിഎസ്‌സി മുഖേന നേരിട്ട് നിയമനം നടത്തുന്ന ക്ലാസ് ത്രീ, ക്ലാസ് ഫോർ തസ്തികകളിൽ ഓരോ 16-ാമത്തെ ഒഴിവും ആശ്രിതനിയമനത്തിനായി റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ പുതുതായി ഉൾപ്പെടുത്തി. 

∙ ഇത് പൊതുവേ സ്വാഗതം ചെയ്യപ്പെടുന്ന തീരുമാനം. നിയമനം വൈകുന്നത് ഒഴിവാക്കാനാകും. 

5. എയ്ഡഡ് സ്ഥാപനങ്ങളിൽ ആശ്രിതനിയമനം നിർത്തലാക്കാനുള്ള തീരുമാനം, കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ ഒട്ടേറെ നിയമനങ്ങൾ നടക്കുന്നെന്ന പരാതി കണക്കിലെടുത്ത്. 

∙ സ്വാഭാവിക നീതി നിഷേധമെന്ന് എതിർവാദം. സർക്കാരിന് ഇത് അധികബാധ്യത ഉണ്ടാക്കുന്നില്ല. 

6. ജീവനക്കാരൻ മരിക്കുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം . ഇത് കുടുംബത്തെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യം നിറവേറ്റാനാണെന്നു സർക്കാർ. 

∙ ആത്മഹത്യ ചെയ്യുന്നവരുടെ ആശ്രിതർക്കും ജോലി നൽകേണ്ട സാഹചര്യം സൃഷ്ടിക്കുമെന്നും ഇതു തെറ്റായ പ്രവണതകൾക്കു വഴിതെളിക്കുമെന്നും വിമർശനമുണ്ട്.

English Summary:

Compassionate Employment: Compassionate Employments are now granted regardless of the circumstances of the employee's death, as per a new government order.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com