എംപുരാൻ റീഎഡിറ്റിംഗ് കൂട്ടായ തീരമാനം: ആന്റണി പെരുമ്പാവൂർ

Mail This Article
കൊച്ചി ∙ എമ്പുരാൻ വിവാദങ്ങളിൽ സംവിധായകൻ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ‘സിനിമ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം മറ്റാരുടെയും നിർദേശപ്രകാരമല്ല, ഞങ്ങൾ കൂട്ടായി എടുത്തതാണ്. റീ എഡിറ്റ് ചെയ്യുന്നതിൽ തിരക്കഥാകൃത്ത് മുരളി ഗോപിക്കു വിയോജിപ്പുണ്ടെന്നു വിശ്വസിക്കുന്നില്ല. മോഹൻലാലിന്റെ ഖേദപ്രകടനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചില്ലെങ്കിലും അക്കാര്യത്തിൽ അദ്ദേഹത്തിനും സമ്മതമുണ്ടെന്നു കരുതുക’ – വിവാദങ്ങൾക്കുശേഷം ആദ്യമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയ ആന്റണി പറഞ്ഞു.
‘റീ എഡിറ്റ് ചെയ്യാൻ തീരുമാനിച്ചത് ആരെയും ഭയന്നിട്ടല്ല. സിനിമ മൂലം ആർക്കെങ്കിലും സങ്കടമുണ്ടായെങ്കിൽ പരിഹരിക്കേണ്ട ഉത്തരവാദിത്തം നിർമാതാവെന്ന നിലയിൽ എനിക്കും സംവിധായകനും അഭിനയിച്ച ആൾക്കും ഉണ്ട്. തെറ്റുകളുണ്ടെങ്കിൽ തിരുത്തുകയെന്നതു കടമയാണ്. ഭാവിയിലും ഒരുകാര്യം ചെയ്യുമ്പോൾ ആർക്കെങ്കിലും വിഷമമുണ്ടായാൽ ഇതുപോലെ വേണമെന്ന് ആഗ്രഹിക്കുന്നവരാണു ഞങ്ങൾ’. സിനിമയുടെ കഥ തനിക്കും മോഹൻലാലിനുമെല്ലാം നേരത്തേ അറിയാമായിരുന്നെന്നും ലൂസിഫർ സിനിമാ പരമ്പരയുടെ മൂന്നാം ഭാഗം വരുമെന്നും ആന്റണി പറഞ്ഞു.