സുഹൃത്തായ ഗുരുനാഥൻ

Mail This Article
ഞങ്ങൾ ശിഷ്യന്മാർ, അടുത്ത ഓഗസ്റ്റിൽ വന്നെത്താനിരിക്കുന്ന അദ്ദേഹത്തിന്റെ 80–ാം പിറന്നാൾ വിപുലമായി കൊണ്ടാടാൻ ആലോചനകൾ നടത്തുന്നതിനിടയിലാണു ഡോ. ടി.ബി.വേണുഗോപാലപ്പണിക്കരുടെ അന്ത്യം. വേണുസാർ കാലിക്കറ്റിൽ അധ്യാപകനായി ആദ്യം കടന്നുവന്നതു ഞങ്ങൾ എംഎ ഒന്നാം വർഷക്കാരുടെ ക്ലാസിലേക്കാണ് (1973). സുന്ദരനും സൗമ്യനുമായ ആ ഗുരുനാഥനെ ഞങ്ങൾക്കു പെട്ടെന്ന് ഇഷ്ടമായി. സ്വന്തംമേഖലകൾ ഭാഷാശാസ്ത്രവും വ്യാകരണവും ആയിരുന്നെങ്കിലും സാഹിത്യം, ചരിത്രം, രാഷ്ട്രീയം, സിനിമ തുടങ്ങിയ ഒട്ടേറെ മണ്ഡലങ്ങളിൽ അദ്ദേഹത്തിനുള്ള അഭിരുചിയും അറിവും വിസ്മയാവഹമായിരുന്നു. ഏറെ വൈകാതെ ഞങ്ങളുടെ സഹപാഠി രാജലക്ഷ്മി അദ്ദേഹത്തിന്റെ ജീവിതസഖിയായിത്തീർന്നതു ഞങ്ങളുടെ ഊറ്റം വർധിപ്പിച്ചു.
പഠനവും അധ്യാപനവും ആയിരുന്നു, അദ്ദേഹത്തിനു ജീവിതം. എ.ആർ.രാജരാജവർമയുടെയും എൻ.വി.രാമസ്വാമി അയ്യരുടെയും വംശത്തിൽ പിറന്ന ആ ഭാഷാശാസ്ത്രജ്ഞനെ വേണ്ടമാതിരി മലയാളികൾ അറിഞ്ഞില്ല. അതിനു കാരണക്കാരൻ വേണുസാർ തന്നെയാണ്. പഠിക്കണമെന്നും അറിയണമെന്നും അല്ലാതെ ആ വകയിൽ പേരു നേടണമെന്നോ, പദവി കിട്ടണമെന്നോ, പണം സ്വരുപിക്കണമെന്നോ ഒന്നും ഒരിക്കലും അദ്ദേഹം വിചാരിച്ചില്ല. കാലിക്കറ്റ് സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടിക്കൊടുത്ത ‘കേരളപാണിനീയപഠനം’പോലും പ്രസിദ്ധീകരിച്ചിട്ടില്ല. മികവിനെപ്പറ്റിയും തികവിനെപ്പറ്റിയും വളരെ ഉന്നതമായ സങ്കൽപങ്ങൾ ഉണ്ടായിരുന്നതാവാം കാരണം.
മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലൊന്നും അദ്ദേഹത്തിന്റെ ലേഖനങ്ങൾ കാര്യമായി വന്നിട്ടില്ല. കാരണം ലളിതമാണ്. ആർക്കും ഒന്നും അയച്ചുകൊടുത്തിട്ടില്ല. മിക്കപ്പോഴും എഴുതുന്നത് വല്ല സുവനീറിലേക്കോ കോളജ് മാഗസിനിലേക്കോ ആവും. പ്രശസ്തി, സമ്പത്ത്, അധികാരം, പദവി തുടങ്ങിവയെപ്പറ്റിയെല്ലാം അദ്ദേഹം വളരെ ഉദാസീനനായിരുന്നു. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും മടിയായിരുന്നു. 10–11 എണ്ണം വന്നത് ഞങ്ങൾ ശിഷ്യന്മാരുടെയും സുഹൃത്തുക്കളുടെയും നിരന്തര സമ്മർദം മൂലമാണ്. പുരസ്കാരങ്ങളോടും താൽപര്യമില്ല. ഒരു പുസ്തകവും ഒരു അവാർഡിനും ഒരിക്കലും അയച്ചുകൊടുത്തിട്ടില്ല. എന്നിട്ടും ചിലതൊക്കെ തേടിവന്നു.
അങ്ങനെ വരുന്ന അവാർഡ് വാർത്തയറിഞ്ഞു വിളിച്ചാൽ പ്രതികരണം ഇങ്ങനെയാവും:
‘ബോറടി തന്നെ’
‘എന്താ സാർ?’
‘എടോ, ഇനി അത് ചെന്നുവാങ്ങണ്ടേ?’
ഈ ഉദാസീനത ശിഷ്യരുടെയോ സുഹൃത്തുക്കളുടെയോ പരിചയക്കാരുടെയോ കാര്യത്തിലില്ല. അവരുടെ ഗവേഷണപ്രബന്ധമോ പുസ്തകമോ ലേഖനമോ ഒക്കെ കൃത്യമായി നോക്കിക്കൊടുക്കും. നിഷ്കളങ്കമായും നിസ്വാർഥമായും ജീവിക്കുന്നതിനു ഞാൻ കണ്ട അത്യപൂർവം ഉദാഹരണങ്ങളിലൊന്നാണു വേണുസാർ. എല്ലാറ്റിലുമുള്ള നിർമമത കണ്ട് ഒരിക്കൽ ഞാൻ ചോദിച്ചു: ‘സാറിന് എന്തെങ്കിലുമൊന്നു വേണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?’
‘എനിക്ക് പണ്ഡിതനാകണമെന്നായിരുന്നു കുട്ടിക്കാലത്തേ മോഹം. അതൊട്ട് ആയതുമില്ല’ സെമിനാറിലോ ക്ലാസിലോ ആധികാരിക സ്വരത്തിൽ എന്തെങ്കിലും ‘പ്രഖ്യാപിക്കുന്ന’ സമ്പ്രദായം അദ്ദേഹത്തിനില്ലായിരുന്നു. ‘ഒരു സംശയം ചോദിക്കാൻ വിളിച്ചതാ’ എന്നു പറഞ്ഞാൽ ‘എനിക്കറിയാമോ എന്നറിയില്ല, ഏതായാലും താൻ ചോദിക്ക്’ എന്നാവും സ്ഥിരം മറുപടി.
ഭാഷയെപ്പറ്റി, രാഷ്ട്രീയത്തെപ്പറ്റി, മതത്തെപ്പറ്റി, സാഹിത്യത്തെപ്പറ്റി വേണ്ടതും വേണ്ടാത്തതും ഓരോന്ന് തോന്നുമ്പോൾ ഞാൻ ഇനി ആരെ ഫോണിൽ വിളിക്കും? എന്റെ ഏതു പ്രശ്നവും ദീർഘമായി ചർച്ച ചെയ്യാൻ എനിക്കിനി ആരുണ്ട്? എന്നെ അത്രമേൽ അനാഥനാക്കുന്ന ഈ മരണം നടക്കുമ്പോൾ നാട്ടിലില്ലാതെപോയതിന്റെ ഖേദം ഇനി എന്ന്, എങ്ങനെ തീരാനാണ്?