കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

Mail This Article
കൊച്ചി ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനെ ഹൈക്കോടതി വിമർശിച്ചു. നാല് വർഷമായിട്ടും അന്വേഷണം പൂർത്തിയാക്കാത്തത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞ ഹൈക്കോടതി ഇ.ഡി അന്വേഷണം ഇല്ലാതാക്കാനാണോ ശ്രമിക്കുന്നതെന്നും ചോദിച്ചു. അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാൻ പൊലീസ് മേധാവിക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു കരുവന്നൂർ ബാങ്ക് മുൻ ജീവനക്കാരൻ എം.വി.സുരേഷ് നൽകിയ ഹർജിയാണു ജസ്റ്റിസ് ഡി.കെ.സിങ് പരിഗണിച്ചത്.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതി നിർദേശപ്രകാരം ഹാജരായിരുന്നു. അന്തിമ റിപ്പോർട്ട് എന്ന് നൽകുമെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ ഉദ്യോഗസ്ഥനു ഹൈക്കോടതി നിർദേശം നൽകി. ഹർജി പരിഗണിക്കുന്ന 10 ന് നേരിട്ട് ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐക്ക് കൈമാറണമെന്നുമാണ് ഹർജിയിലെ ആവശ്യം. സർക്കാരും ബാങ്കും സിബിഐ അന്വേഷണം എന്ന ആവശ്യത്തെ നേരത്തേ തന്നെ എതിർത്തിരുന്നു. 2021 മുതൽ കോടതിയുടെ പരിഗണനയിലുള്ള കേസാണിത്.