ADVERTISEMENT

തിരുവനന്തപുരം∙ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി (62) അന്തരിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി മലയാള ചലച്ചിത്രങ്ങളിൽ ശബ്ദം നൽകിയ ആനന്ദവല്ലി മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

1973-ൽ ദേവി കന്യാകുമാരിയിലൂടെയാണ് ആനന്ദവല്ലി ഡബ്ബിങ് മേഖലയിലേക്ക് കടന്നുവരുന്നത്. എൺപതുകളിൽ മലയാളത്തിലെ ഒട്ടുമിക്ക നായികമാരും ശബ്ദിച്ചത് ആനന്ദവല്ലിയുടെ ശബ്ദത്തിലായിരുന്നു.

പൂർണിമ ജയറാം, ഗീത, മാധവി, മേനക, സുഹാസിനി, ശാന്തികൃഷ്‌ണ, മീരാ ജാസ്മിൻ തുടങ്ങിയ നടിമാർക്ക് ശബ്ദം നൽകിയിട്ടുണ്ട്. 1992–ൽ ‘ആധാരം’ എന്ന സിനിമയ്ക്ക് ഗീതയ്ക്കു നൽകിയ ശബ്ദത്തിനാണ് സംസ്ഥാന അവാർഡ് ലഭിച്ചത്. അന്തരിച്ച സംവിധായകൻ ദീപൻ മകനാണ്.

മൂവായിരത്തോളം സിനിമകളിലായി പതിനായിരത്തിലേറെ കഥാപാത്രങ്ങൾ ആനന്ദവല്ലിയുടെ ശബ്‌ദത്തിൽ പ്രേക്ഷകരോടു സംസാരിച്ചു. ഒരു സിനിമയിലെ ഏഴു സ്‌ത്രീ കഥാപാത്രങ്ങൾക്കു വരെ ആനന്ദവല്ലി ശബ്‌ദം നൽകിയ കാലമുണ്ട്. ഭരതത്തിൽ ലക്ഷ്‌മിക്കും ഉർവശിക്കും വേണ്ടി ഡബ്ബ് ചെയ്‌തു ആനന്ദവല്ലി. സ്‌ഥലത്തെ പ്രധാന പയ്യൻസിൽ അഞ്ചുപേർക്കു ഡബ്ബ് ചെയ്‌തു. സാന്ത്വനം എന്ന സിനിമയിൽ മൂന്നുപേർക്ക്. വെണ്ടർ ഡാനിയലിൽ ഒരേ ഫ്രെയിമിൽ മൂന്നുപേർക്കു വ്യത്യസ്‌ത ശബ്‌ദം നൽകി.

മമ്മുക്കയുടെയും ആദ്യ ഡബ്ബിങ്ങ് എനിക്കൊപ്പം

‘1973ൽ ദേവി കന്യാകുമാരിയിലാണ് ഞാൻ ഡബ് ചെയ്‌തു തുടങ്ങിയത്. മലയാളത്തിൽ 115 സിനിമയിൽ ഗീത അഭിനയിച്ചിട്ടുണ്ട്. അതിലെല്ലാം ഞാനാണു ശബ്‌ദം നൽകിയത്. അവരെ വിളിക്കുമ്പോൾ കരാറിലെ ഒരു വ്യവസ്‌ഥ തന്നെ എനിക്കു ഡബ് ചെയ്യുന്നത് ആനന്ദവല്ലിയായിരിക്കണം എന്നതായിരുന്നു. ഗീതയുടെ ശബ്‌ദത്തിനാണ് എനിക്കാദ്യമായി സംസ്‌ഥാന അവാർഡ് കിട്ടിയതും-ആധാരം. മോഹൻലാലിന്റെ ആദ്യ സിനിമയായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പൂർണിമ ജയറാമിനുവേണ്ടി ഞാനാണു ഡബ്ബ് ചെയ്‌തത്. അന്നു മോഹൻലാൽ ഒരു ബൈക്ക് ആക്‌സിഡന്റിൽപ്പെട്ടു നടക്കാൻ പറ്റാതെ ?ാസ്‌റ്റിക് കസേരയിൽ ഇരുന്നാണു ഡബ്ബ് ചെയ്‌തത്. മോഹൻലാൽ ആദ്യമായി ഡബ്ബ് ചെയ്യുകയാണ്. കോലുപോലെ ഒരു പയ്യൻ. ചെറിയ മുഖവും ചുരുളൻ മുടിയും.

മമ്മുക്കയുടെയും ആദ്യ ഡബ്ബിങ്ങ് എനിക്കൊപ്പമായിരുന്നു. പിന്നീട് എത്രയോ സിനിമകൾ. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ഒരുമിച്ചാണു ഡബ്ബ് ചെയ്‌തത്. സുഹാസിനിക്കു ശബ്‌ദം കൊടുത്തതു ഞാൻ. ആ സിനിമയിൽ സുഹാസിനി കാർ അപകടത്തിൽ മരിക്കുന്ന രംഗമുണ്ട്. സീനിന്റെ പെർഫെക്ഷനു വേണ്ടി ഞങ്ങൾ ഒരേ മൈക്കിൽ നിന്നാണു ഡബ്ബ് ചെയ്‌തത്. പോത്തൻ വാവയിൽ ഉഷാ ഉതുപ്പിനു വേണ്ടി ഡബ് ചെയ്‌തതും രസകരമായിരുന്നു. ഇന്നും പലരും കരുതുന്നു അത് ഉഷാ ഉതുപ്പിന്റെ സ്വന്തം ശബ്‌ദമാണെന്ന്. അവരുടെ യഥാർഥ ശബ്‌ദം പഠിച്ച് അനുകരിക്കുകയായിരുന്നു.

എന്നെ ഇന്നും കരയിക്കുന്ന ഒരു ഓർമയാണ് ആകാശദൂതിലെ മാധവിയുടെ മരണരംഗം. മരിക്കുന്നതിനു മുൻപു തിരുരൂപത്തിനു മുന്നിൽ നിന്നു മാധവി പറയുന്ന ഡയലോഗ് ഇപ്പോഴും കണ്ണിലും കാതിലുമുണ്ട്. ‘‘ഒരു ദിവസം, ഒരു ദിവസംകൂടി വേണം എനിക്ക്. എന്റെ മക്കളെ കണ്ടു കൊതി തീർന്നിട്ടില്ല. എനിക്ക് ഒരു ദിവസം കൂടി തരണം. അതു മാത്രമേ ഞാൻ അപേക്ഷിക്കുന്നുള്ളു.’’ വാചകം പൂർത്തിയാകും മുൻപേ അവർ മരിക്കും. ആ സീൻ ഡബ് ചെയ്യുമ്പോൾ ഞാനും കരഞ്ഞു.

സംവിധായകൻ സിബി മലയിലും കരഞ്ഞു, അവിടെയുണ്ടായിരുന്നവരെല്ലാം കരഞ്ഞു. ഏങ്ങലടിച്ച് എന്റെ തൊണ്ടയടച്ചു പോയി ഡയലോഗ് പറഞ്ഞു തീർന്നപ്പോൾ. പ്രിവ്യൂ ദിവസം തിയേറ്ററിൽ ഈ രംഗം കണ്ടപ്പോഴും താരങ്ങളും അണിയറ പ്രവർത്തകരുമെല്ലാം കരഞ്ഞു പോയി, ഞാനും. പിന്നെ അച്‌ഛനെന്റെ ശബ്‌ദത്തിൽ പറഞ്ഞു, ഞാൻ ഉള്ളിൽ കരഞ്ഞു 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com