ഏറ്റുമാനൂർ നഗരസഭയിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി; സംഘർഷം

Mail This Article
കോട്ടയം∙ നവജാതശിശുവിന്റെ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഏറ്റുമാനൂര്‍ നഗരസഭയിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നഗരസഭ ഓഫിസില്‍ ഇരച്ചുകയറിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചെയര്‍മാന്റെ കാബിനില്‍ എത്തി നെയിംബോര്‍ഡുകള്‍ തകര്‍ത്തു.
അധികാര തര്‍ക്കത്തെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ നവജാതശിശുവിന്‍റെ സംസ്കാരം 22 മണിക്കൂര്‍ വൈകിയാണ് നടത്തിയത്. ഏഴാം തീയതി രാവിലെ വേദഗിരി സ്വദേശി യുവതി പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. വാടകയ്ക്കു താമസിക്കുന്ന ഇവർ മൃതദേഹം ഏറ്റെടുത്തില്ല. ഇതേത്തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ സമീപിക്കുകയായിരുന്നു.
ആശുപത്രി പരിധിയിൽപെട്ട അതിരമ്പുഴ പഞ്ചായത്തിൽ ശ്മശാനമില്ലാത്തതിനെ തുടർന്ന് ഇന്നലെ പൊലീസ് ഏറ്റുമാനൂർ നഗരസഭയെ സമീപിച്ചു. അതിരമ്പുഴ പഞ്ചായത്തിന്റെ എൻഒസി, ഇൻക്വസ്റ്റ് റിപ്പോർട്ട് തുടങ്ങിയ രേഖകൾ നൽകിയാൽ സംസ്കരിക്കാമെന്നാണ് ഏറ്റുമാനൂർ നഗരസഭ അറിയിച്ചത്. ഇന്നലെ വൈകിട്ട് പൊലീസ് ഇവ സംഘടിപ്പിച്ചു ചെന്നെങ്കിലും ഓഫിസ് സമയം കഴിഞ്ഞു. അതിനാൽ സംസ്കാരം ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഇന്നു രാവിലെ ചെന്നപ്പോൾ നഗരസഭ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു.
കുപിതനായ എസ്ഐ മൃതദേഹവുമായി കുത്തിയിരിക്കുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ നഗരസഭ വഴങ്ങി. എന്നാൽ സംസ്കാരം നടത്താൻ ജീവനക്കാരെ വിട്ടു നൽകിയില്ല. ഒടുവിൽ പൊലീസ് ഉദ്യോഗസ്ഥർ കുഴിവെട്ടി സംസ്കാരം നടത്തി. 35 സെന്റിമീറ്ററാണ് മൃതദേഹത്തിന്റെ വലിപ്പം. വൈകിട്ടോടെ പ്രതിഷേധം രൂക്ഷമായി.
English Summary : DYFI march to Ettumanoor Muncipality turns violent