‘ഇടതു മുന്നണിയെ ക്ഷീണിപ്പിക്കാനും ഉലയ്ക്കാനുമാകില്ല: പെരുമാറ്റച്ചട്ട ലംഘനമില്ല’
Mail This Article
കണ്ണൂർ∙ എൽഡിഎഫിന് ചരിത്രവിജയം സമ്മാനിക്കുന്ന തിരഞ്ഞെടുപ്പാകും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് ഇടത് സര്‍ക്കാരിനെ നേരിടുകയാണ്. അതിനുവേണ്ട എല്ലാ ഒത്താശകളും കേന്ദ്ര ഏജൻസികൾ ചെയ്തു കൊടുക്കുകയും ചെയ്തു. ഇടതുമുന്നണിയെ ക്ഷീണിപ്പിക്കാനും ഉലയ്ക്കാനുമാകില്ല. വോട്ടെണ്ണുമ്പോള്‍ ആരാണ് ഉലഞ്ഞതെന്ന് അറിയാം. ലീഗിന്റെ അടിത്തറ തകരുമെന്നും പിണറായി വിജയന്‍ കണ്ണൂരിൽ വോട്ടു രേഖപ്പെടുത്തിയശേഷം പറഞ്ഞു.
എൽഡിഎഫ് ജയിക്കാൻ സാധ്യത ഇല്ലാതിരുന്ന പ്രദേശങ്ങളിൽ പോലും വൻ വിജയം നേടും. വടക്കൻ ജില്ലകൾ എല്ലാക്കാലവും ആർക്കൊപ്പമാണ് നിന്നതെന്ന് എല്ലാവർക്കും അറിയാം. ജനങ്ങൾ കള്ളങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് കാണിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. താൻ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വേറേയൊന്നും വിളിച്ചുപറയാൻ ഇല്ലാത്തതു കൊണ്ടാണ് പ്രതിപക്ഷം ഇത്തരം കാര്യങ്ങൾ ഉന്നയിക്കുന്നത്. രാജ്യത്ത് കേരളത്തിൽ മാത്രമാണ് കോവിഡ് ചികിത്സ സൗജന്യമായുള്ളത്. അങ്ങനെയുള്ള സംസ്ഥാനത്ത് കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സീനും സൗജന്യമായിരിക്കും. മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുക മാത്രമാണ് ചെയ്തത്. അതിൽ പെരുമാറ്റച്ചട്ട ലംഘനമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
English Summary: CM Pinarayi Vijayan Response After Polling