അഭയ കേസ്: പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി; ശിക്ഷ ബുധനാഴ്ച

Mail This Article
തിരുവനന്തപുരം∙ സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസിൽ ശിക്ഷ ബുധനാഴ്ച വിധിക്കും. ഫാ. തോമസ് കോട്ടൂരിനെതിരെയും സിസ്റ്റർ സെഫിക്കെതിരെയും കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫാ. തോമസ് കോട്ടൂർ കൊലനടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി വിലയിരുത്തി.
അഭയ മരിച്ച് 28 വർഷങ്ങൾക്കു ശേഷമാണു കേസിൽ ഇത്തരമൊരു നീക്കം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തള്ളിയ കേസിൽ അഭയയുടേതു കൊലപാതകമാണെന്നു കണ്ടെത്തിയതു സിബിഐയാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിർണായകമായി.

ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണു യഥാക്രമം ഒന്നും മൂന്നും പ്രതികൾ. സിബിഐയുടെ കുറ്റപത്രത്തിൽ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നാലാം പ്രതി മുൻ എഎസ്ഐ വി.വി.അഗസ‍്റ്റിനെയും കുറ്റപത്രത്തിൽനിന്നു സിബിഐ ഒഴിവാക്കി.
കോട്ടയം ബിസിഎം കോളജിൽ പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനി ആയിരിക്കെ സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണു കോട്ടയം പയസ് ടെൻത് കോൺവന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സിബിഐ കേസ് ഏറ്റെടുത്തെങ്കിലും 16 വർഷത്തിനു ശേഷമാണു ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റ് ചെയ്തത്. 2019 ഓഗസ്റ്റ് 26ന് സിബിഐ കോടതിയിൽ ആരംഭിച്ച വിചാരണ ഇൗ മാസം 10നു പൂർത്തിയായി. 49 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചു. 8 പേർ കൂറുമാറി. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെപ്പോലും വിസ്തരിച്ചില്ല.
കേസിൽ കോടതി ഇന്നു നിർണായക വിധി പറയുമ്പോൾ, മകളുടെ നീതിക്കായി ആഗ്രഹിച്ച അഭയയുടെ മാതാപിതാക്കൾ ഐക്കരക്കുന്നേൽ തോമസും ലീലാമ്മയും അതു കേൾക്കാൻ ജീവിച്ചിരിപ്പില്ല.
Content Highlights: Sister Abhaya Case Verdict