ശാഖയുമായി വഴക്ക് പതിവ്, അരുണിനെ ആദ്യമേ നാട്ടുകാർക്ക് സംശയം; ലക്ഷ്യം സമ്പത്ത്

Mail This Article
തിരുവനന്തപുരം ∙ ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51) ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്നു തെളിഞ്ഞതോടെ മറനീങ്ങിയതു മണിക്കൂറുകൾ നീണ്ട ദുരൂഹത. പൊലീസിന്റെ ചോദ്യംചെയ്യലിൽ പിടിച്ചുനിൽക്കാനാവാതെ ഭർത്താവ് അരുൺ (28) കുറ്റം സമ്മതിക്കുകയായിരുന്നു. ശാഖ ഷോക്കേറ്റു മരിച്ചു എന്നായിരുന്നു അരുൺ ആദ്യം പറഞ്ഞത്. രണ്ടുമാസം മുൻപ് മതാചാര പ്രകാരമായിരുന്നു വിവാഹം. പിന്നീട് പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയെന്ന് കാര്യസ്ഥൻ വിജയകുമാർ പറഞ്ഞു.
ശാഖയും അരുണും തമ്മിൽ വഴക്ക് പതിവായിരുന്നത്രെ. ശാഖയുടെ ആദ്യവിവാഹമാണിത്. വിവാഹ സൽക്കാരത്തിനിടെ അരുൺ ഇറങ്ങിപ്പോയി കാറിൽ കറങ്ങിനടന്നിരുന്നതായി സമീപവാസി പറയുന്നു. ശാഖ 10 ലക്ഷത്തോളം രൂപ അരുണിനു നൽകിയിട്ടുണ്ടെന്നും ഇവർ വെളിപ്പെടുത്തി. പരേതനായ അധ്യാപകന്റെ മകളാണു ശാഖ. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുള്ളത്. വലിയ ഭൂസ്വത്ത് കുടുംബത്തിനുണ്ട്. ഒരേക്കറിലധികമുള്ള സ്ഥലത്താണു വീട്.
അരുണുമായി പ്രണയമായതോടെ വിവാഹത്തിനു ശാഖയാണു മുൻകയ്യെടുത്തത്. വീട്ടുകാരോ ബന്ധുക്കളോ ഇല്ലാതെയാണ് അരുൺ വിവാഹത്തിനെത്തിയത്. പത്താംകല്ല് സ്വദേശി എന്നു മാത്രമാണ് അരുണിനെപ്പറ്റി നാട്ടുകാർക്കുള്ള വിവരം. അരുണിന്റെ പെരുമാറ്റത്തിൽ ആദ്യംമുതലേ നാട്ടുകാർക്കു ചില സംശയങ്ങളുണ്ടായിരുന്നു. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
10 ലക്ഷം രൂപയ്ക്കു പുറമെ കാറും അരുണിനു ശാഖ വാങ്ങിക്കൊടുത്തിരുന്നു. ദിവസങ്ങൾക്കു മുൻപു വിവാഹം റജിസ്റ്റർ ചെയ്യാനായി ഇവർ പഞ്ചായത്ത് ഓഫിസിൽ പോയിരുന്നെന്ന് അയൽക്കാർ പറഞ്ഞു. ക്രിസ്മസ് വിളക്കുകൾ തൂക്കാനെടുത്ത കണക്‌ഷൻ രാത്രി വിച്ഛേദിച്ചിരുന്നില്ലെന്നും പുലർച്ചെ ശാഖ ഇതിൽ സ്പർശിച്ചപ്പോൾ ഷോക്കേറ്റെന്നുമായിരുന്നു അരുൺ ഏവരോടും പറഞ്ഞത്. പക്ഷേ ശാഖയുടെ ബന്ധുക്കൾ സംഭവത്തിൽ ദുരൂഹത ആരോപിച്ചതോടെ വെള്ളറട പൊലീസ് കൂടുതൽ അന്വേഷണത്തിലേക്കു നീങ്ങി.
അസ്വാഭാവിക മരണത്തിനു കേസ് എടുത്ത പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്കും ഒരുങ്ങി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും കെഎസ്ഇബിയുടെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് അറിയിച്ച പൊലീസ്, ഫൊറൻസിക് പരിശോധനയും പോസ്റ്റുമോർട്ടവും കഴിഞ്ഞാലേ അന്തിമ നിഗമനത്തിലെത്താൻ കഴിയൂവെന്നും അറിയിച്ചു. ഇതേസമയത്തുതന്നെ അരുണിനെ വിശദമായി ചോദ്യം ചെയ്യുന്നുമുണ്ടായിരുന്നു.
പൊലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങൾക്കു മുന്നിൽ അരുൺ ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ഷോക്കേൽപിച്ചാണു കൊന്നതെന്നും വിവാഹമോചനം നടക്കാത്തതിനാലായിരുന്നു കൃത്യമെന്നും അരുൺ ഏറ്റുപറഞ്ഞെന്നാണു പൊലീസ് പറയുന്നത്. ശാഖാകുമാരിയുടെ കൊലപാതകത്തിൽ നാട്ടുകാരും ഞെട്ടലിലാണ്.
English Summary: 51 year old woman electrocuted- Follow Up