നിയമം ലംഘിച്ച് കോവിഡ് വാക്സീനെടുക്കാൻ കാസിനോ സിഇഒയും ഭാര്യയും; പണിപോയി
Mail This Article
ഒട്ടാവ ∙ കോവിഡ് വാക്സീൻ കുത്തിവയ്പെടുക്കാൻ നിയന്ത്രണമുള്ള സ്ഥലത്തേക്കു യാത്ര ചെയ്യുകയും പ്രോട്ടോക്കോൾ ലംഘിക്കുകയും ചെയ്ത കാനഡയിലെ പ്രമുഖ കാസിനോ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്കു ജോലി നഷ്ടമായി. 2011 മുതൽ ഗ്രേറ്റ് കനേഡിയൻ ഗെയിമിങ് കോർപറേഷൻ സിഇഒ ആയിരുന്ന റോഡ് ബേക്കറാണു വിവാദത്തെ തുടർന്നു രാജിവച്ചത്.
യുക്കോണിന്റെ സിവിൽ എമർജൻസി മെഷേർസ് നിയമം ലംഘിച്ചതിനു ബേക്കറിനെതിരെ കേസെടുത്തതായി കാബിനറ്റ് ഓഫിസ് വക്താവ് മാത്യു കാമറൺ പറഞ്ഞു. ബേക്കറിനും ഭാര്യ എകറ്റെറിനയ്ക്കും എതിരെ കുറ്റം ചുമത്തിയെന്നു നേരത്തെ മാധ്യമങ്ങളിലും വാർത്ത വന്നിരുന്നു. ജനുവരി 19ന് യുക്കോണിന്റെ തലസ്ഥാന നഗരമായ വൈറ്റ്ഹോഴ്‌സിലെത്തിയ ദമ്പതികൾ രണ്ടു ദിവസത്തിനുശേഷം, 14 ദിവസത്തെ ഐസലേഷൻ നിയമം ലംഘിച്ച് ബീവർ ക്രീക്ക് സമൂഹത്തിന്റെ താമസസ്ഥലത്തേക്കു യാത്ര ചെയ്തു.
പ്രദേശത്തെ മോട്ടലിൽ പുതിയ ജോലിക്കാരാണെന്നു അവകാശപ്പെട്ട് ഇരുവരും മോഡേണ വാക്സീൻ സ്വീകരിച്ചെന്നു സിബിസി റിപ്പോർട്ട് ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ തിങ്കളാഴ്ച ഗ്രേറ്റ് കനേഡിയൻ ബേക്കറിന്റെ രാജി പ്രഖ്യാപിച്ചു. ചീഫ് കംപ്ലയിൻസ് ഓഫിസർ ടെറൻസ് ഡോയ്ൽ ഇടക്കാല സിഇഒ ആകും. കമ്പനിയുടെ ലക്ഷ്യങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായ പ്രവർത്തനങ്ങളോടു ഡയറക്ടർ ബോർഡ് യാതൊരു സഹിഷ്ണുതയും കാണിക്കില്ലെന്നു കമ്പനി വക്താവ് ചക്ക് കീലിങ് പറഞ്ഞു.
ബേക്കറിന്റെ രാജിക്കു നിയമലംഘനങ്ങളുമായി നേരിട്ടു ബന്ധമുണ്ടോയെന്നു പ്രതികരിക്കാൻ കമ്പനി വിസമ്മതിച്ചു. 2 ബില്യൻ ഡോളറിന് ഗ്രേറ്റ് കനേഡിയൻ വാങ്ങാൻ ന്യൂയോർക്ക് ആസ്ഥാനമായുള്ള അപ്പോളോ സമ്മതിച്ചിരിക്കെയാണ് വിവാദം. കാനഡയിലെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന തദ്ദേശവാസികളുടെ ആരോഗ്യത്തെ അപകടപ്പെടുത്താൻ സാധ്യതയുള്ളതിനാൽ പുറമേനിന്നു വരുന്നവർക്കു നിയന്ത്രണങ്ങളുണ്ട്. അലാസ്ക അതിർത്തിക്കടുത്തു താമസിക്കുന്ന ബ്രീവർ ക്രീക്ക് സമൂഹത്തിൽ 125ൽ താഴെ ആളുകളേയുള്ളൂ.
English Summary: CEO Jumped Vaccine Queue With Wife, Lost Job Amid Apollo Casino Deal