വോട്ട് പോസ്റ്റൽ വോട്ടാക്കി മറ്റാരോ ചെയ്തു; കേട്ട് ഞെട്ടി വോട്ടർമാർ: വ്യാപക പരാതി
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് പലയിടത്തും തപാല്‍ വോട്ടിന്റെ മറവില്‍ കള്ളവോട്ട് നടന്നെന്ന് പരാതി. തിരുവനന്തപുരത്തും ഇടുക്കിയിലുമാണ് വോട്ടര്‍മാര്‍ ബൂത്തിലെത്തിയപ്പോള്‍ തപാല്‍ വോട്ട് ചെയ്തെന്ന പേരില്‍ വോട്ട് നിഷേധിച്ചത്. തപാല്‍ വോട്ടിന് അര്‍ഹതയില്ലാത്തവരുടെ പേരിലാണ് ഇത്തരത്തില്‍ കള്ളവോട്ട് ചെയ്തെന്നാണ് ആക്ഷേപം.
രാവിലെ വീട്ടില്‍ നിന്ന് ഒരുങ്ങിയിറങ്ങി പൊരിവെയിലത്ത് ക്യൂ നിന്ന് ബൂത്തില്‍ കയറുമ്പോള്‍ വോട്ട് മറ്റാരോ ചെയ്തെന്ന് കേള്‍ക്കുക. അതും തപാല്‍ വോട്ട്. വോട്ടര്‍ സര്‍ക്കാരുദ്യോഗസ്ഥനല്ല, അസുഖമൊന്നുമില്ലാതെ പയറുപോലെ നടക്കുന്നയാള്. പോളിങ് ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോള്‍ കൈമലര്‍ത്തുകയാണ്. ഇത് ഒരിടത്തുണ്ടായ സംഭവമല്ല.
തിരുവനന്തപുരത്ത് കഴക്കൂട്ടം, പാറശാല മണ്ഡലങ്ങളിലും ഇടുക്കിയില്‍ ദേവികുളത്തും സംഭവിച്ചതാണ്. പാറശാല പെരുങ്കടവിള സ്വദേശികളായ ബാലകൃഷ്ണന് നായര്‍, കെ.ബി. ചന്ദ്രശേഖരന് നായര്‍ എന്നിവര്‍ ബൂത്തിലെത്തിയപ്പോഴാണ് മറ്റാരോ തപാല്‍വോട്ട് ചെയ്തെന്ന് അറിഞ്ഞത്. ഇരുവരും തപാല്‍വോട്ടിന് അപേക്ഷിച്ചിട്ടുപോലുമില്ല.
കഴക്കൂട്ടം ചന്തവിള ബൂത്ത് നമ്പര്‍ 24ല്‍ ക്രമനമ്പര്‍ 668 വോട്ടറായ ജോയിയുടെ വോട്ടും ഇതുപോലെ തപാല്‍ വോട്ടെന്ന പേരില്‍ മറ്റാരോ ചെയ്തു. തനിക്ക് പോസ്റ്റല്‍വോട്ടിന് അര്‍ഹതയില്ലെന്ന് ജോയി പറഞ്ഞു. ഇടുക്കി ബൈസണ്‍വാലി ടീ കമ്പനി മായല്‍ത്ത മാത ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയ വയോധിക ദമ്പതികളുടെ വോട്ടും തപാല്‍ വോട്ടായി നേരത്തേ രേഖപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
English Summary : Irregularities found in postal vote