‘ഫ്ലാറ്റിൽ കയറ്റിയില്ല, മാർട്ടിൻ മർദിച്ചു’: പരാതി നൽകിയ രണ്ടാമത്തെ യുവതി

Mail This Article
കൊച്ചി∙ മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ കണ്ണൂർ സ്വദേശിനിയായ യുവതിയെ ക്രൂരമായി മർദിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെതിരെ പൊലീസിനു ലഭിച്ച രണ്ടാമത്തെ പരാതി നൽകിയത് കാക്കനാട്ട് ഇയാൾ ഒളിവിൽ താമസിച്ച ഫ്ലാറ്റിന്റെ ഉടമയായ യുവതി. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നെങ്കിലും പൊലീസിനെ പേടിച്ച് ഒളിയിടം തേടി ഇവരുടെ ഫ്ലാറ്റിലെത്തിയപ്പോൾ പ്രവേശിപ്പിക്കാതിരുന്നതിന് മർദിച്ച് അവശയാക്കുകയും ഫ്ലാറ്റിൽനിന്നു പുറത്താക്കിയെന്നുമാണ് പരാതി.
മറ്റൊരു സുഹൃത്തിനൊപ്പമാണ് മാർട്ടിൻ കാക്കനാട്ടെ ഫ്ലാറ്റിൽ എത്തിയത്. ഇയാൾക്കെതിരെ പരാതിയുള്ളത് അറിയാമായിരുന്നതിനാൽ താമസിക്കാൻ അനുവദിക്കില്ലെന്ന് യുവതി നിലപാടെടുത്തു. ഇതോടെ അക്രമാസക്തനായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ഫ്ലാറ്റിനു പുറത്തേയ്ക്ക് തള്ളിയിട്ടെന്നും യുവതി പരാതിയിൽ പറയുന്നു. ഇതോടെ തുടർആക്രമണം ഭയന്ന് യുവതി നാട്ടിലേയ്ക്കു മടങ്ങി. മേയ് 31 മുതൽ ജൂൺ എട്ടുവരെ മാർട്ടിൻ ഈ ഫ്ലാറ്റിൽ കഴിഞ്ഞു. ഈസമയം മാധ്യമങ്ങളിൽ വാർത്ത വന്നുതുടങ്ങിയതോടെ മാർട്ടിൻ കൊച്ചി വിടാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി വീണ്ടും മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലെത്തി സാധനങ്ങളുമെടുത്ത് പുലർച്ചെ തന്നെ സ്ഥലം വിട്ടു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളാണ് പിന്നീടു പൊലീസ് പുറത്തുവിട്ടത്.
കൊച്ചിയിൽനിന്ന് തൃശൂരെത്തിയെങ്കിലും ഇയാൾ സ്വന്തം വീട്ടിലേയ്ക്കു പോകാതെ സുഹൃത്തുക്കളുടെ വീടുകളിൽ മാറിമാറി താമസിക്കുകയായിരുന്നു. ഇതിനിടെ ടെലിഫോൺ ടവർ ലൊക്കേഷൻ കണ്ടെത്തി പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ അന്വേഷണ സംഘം തൃശൂരെത്തി. പ്രതിയുടെ വീട്ടിൽ പരിശോധനകൾ നടത്തുകയും മാർട്ടിന്റെ സഹോദരനോടു പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തതായി പിതാവ് പുലിക്കോട്ടിൽ ജോസഫ് മനോരമ ഓൺലൈനോടു പറഞ്ഞു.
വാഹനവുമായി സ്റ്റേഷനിലെത്തിയ സഹോദരനെ കസ്റ്റഡിയിലെടുത്ത പൊലീസ്, ഇയാൾ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. പിന്നീട് ഇതേവാഹനം ഉപയോഗിച്ച് പൊലീസ് പുറത്തുപോകുന്നതു കണ്ടു ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തിന് ഉപയോഗിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് പിതാവ് പറയുന്നു. ഇതിനിടെ, മുൻകൂർ ജാമ്യം തേടി കോടതിയിലെത്തിയതിനെ തുടർന്ന് സഹോദരനെ വിട്ടയച്ചെങ്കിലും വാഹനം വിട്ടുനൽകിയില്ല. വർഷങ്ങളായി തനിക്ക് മകനുമായി അടുപ്പമില്ലെന്നും തന്റെ പുതിയ വാഹനം മകൻ ഒരുതവണ പോലും ഉപയോഗിച്ചിട്ടില്ലെന്നും എന്തിനാണ് അത് കസ്റ്റഡിയിൽ വച്ചിരിക്കുന്നതെന്നുമാണ് പിതാവിന്റെ ചോദ്യം.
മകൻ ഉപദ്രവിച്ചെന്നു പറയുന്ന യുവതിയുടെ കാര്യം വീട്ടിൽ പറഞ്ഞതാണ്. ആദ്യം വിവാഹത്തിന് എതിർത്തെങ്കിലും ഇഷ്ടമതാണെങ്കിൽ നടക്കട്ടെ എന്ന നിലപാടാണ് വീട്ടുകാർ സ്വീകരിച്ചത്. മറ്റൊരു സുഹൃത്തിന്റെ ബന്ധുവാണെന്നു പറഞ്ഞ് യുവതി വീട്ടിൽ വന്നിട്ടുമുണ്ട്. അവൾക്ക് ഇഷ്ടമില്ലായെങ്കിൽ ഉപദ്രവിക്കാതെ വെറുതെ വിടുകയായിരുന്നു വേണ്ടത്. ശാരീരികമായി ആക്രമിച്ചത് ശരിയായില്ല, തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ മകൻ ശിക്ഷ അനുഭവിക്കട്ടെ എന്നാണ് നിലപാടെന്നും പിതാവ് മനോരമ ഓൺലൈനോടു പറഞ്ഞു.
English Summary: Second Complaint Against Martin Joseph