മീനാങ്കലില്‍ മലവെള്ളപ്പാച്ചില്‍; 16 വീടുകള്‍ക്ക് നാശനഷ്ടം; ആളുകളെ മാറ്റി
Mail This Article
തിരുവനന്തപുരം∙ വിതുരയ്ക്കടുത്ത് മീനാങ്കലില്‍ മലവെള്ളപ്പാച്ചില്‍. പന്നിക്കുഴി ഭാഗത്ത് ഒരു വീട് തകര്‍ന്നു. പേപ്പാറ വനമേഖലയില്‍ ഉച്ചമുതലുണ്ടായ കനത്ത മഴയാണ് വെള്ളപ്പാച്ചിലിനു കാരണം. വനപ്രദേശത്തുനിന്നു കുത്തിയൊലിച്ചെത്തിയ വെള്ളം, തോട് കരകവിഞ്ഞ് കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലയിലേക്കും കയറി ഒഴുകുകയായിരുന്നു. 15 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
വെള്ളം ഉയരുന്നത് കണ്ട് ഉടന്‍ തന്നെ നാട്ടുകാരെ തൊട്ടടുത്ത സ്കൂളിലേക്ക് മാറ്റിയതിനാല്‍ അപകടം ഒഴിവായി. നിലവില്‍ മഴയും വെള്ളപ്പൊക്കവും കുറഞ്ഞിട്ടുണ്ട്. അതേസമയം, വൈകിട്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ടുജില്ലകളിലേക്ക് ഓറഞ്ച് അലര്‍ട്ട് വ്യാപിപ്പിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
മറ്റ് ആറു ജില്ലകളിലും യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്തുനിന്ന് മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പലര്‍ത്തണം. അപകടസാധ്യതാ മേഖലകളിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പത്തു ജില്ലകള്‍ക്ക് യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
English Summary: Vithura flash flood