‘മകളെ പ്രേമിച്ചതിൽ അനീഷിനോട് ദേഷ്യം; തടഞ്ഞുവച്ച് നെഞ്ചിലും മുതുകിലും കുത്തി’

Mail This Article
തിരുവനന്തപുരം ∙ പുലർച്ചെ രഹസ്യമായി അയൽവീട്ടിലെത്തിയ കോളജ് വിദ്യാർഥി അനീഷ് ജോർജിനെ (19) വീട്ടുടമസ്ഥൻ സൈമൺ ലാലൻ കുത്തി കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം കൊണ്ടാണെന്നു റിമാൻഡ് റിപ്പോര്‍ട്ട്. മകളുമായി അനീഷിനുണ്ടായിരുന്ന പ്രണയമാണ് കൊലപാതകത്തിലേക്കു നയിച്ചത്.
അനീഷിനെ സൈമണ്‍ കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തിലാണെന്നു റിപ്പോർട്ടിൽ പറയുന്നു. വീട്ടിലെത്തിയ അനീഷിനെ തടഞ്ഞുവച്ച് നെഞ്ചിലും മുതുകിലും കുത്തി. വീട്ടുകാർ ഒന്നും ചെയ്യരുതെന്ന് അപേക്ഷിച്ചിട്ടും ആക്രമണം തുടർന്നു. കുത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത് വാട്ടര്‍ മീറ്റര്‍ ബോക്‌സിലാണ്. ആയുധം പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന മുറിയില്‍നിന്ന് ബീയര്‍ കുപ്പികള്‍ കണ്ടെടുത്തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു.
മോഷ്ടാവെന്നു കരുതി കുത്തുകയായിരുന്നു എന്നാണ് സൈമണ്‍ പൊലീസിനോട് പറഞ്ഞത്. എന്നാൽ, വിശദമായ ചോദ്യം ചെയ്യലിൽ ഈ വാദം പൊളിഞ്ഞു. സെമണിന്റെ ഭാര്യയും മക്കളും ഇയാൾക്കെതിരെ മൊഴി നൽകി. സൈമണിന്റെ ഭാര്യയും മക്കളും അനീഷിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി.
സൈമണിന്റെ ഭാര്യയും മക്കളും ഫോണിൽ വിളിച്ചത് അനുസരിച്ചാണ് അനീഷ് വീട്ടിലേക്കു പുലർച്ചെ എത്തിയതെന്നു ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയതോടെ മോഷ്ടാവാണെന്ന വാദം പൊളിഞ്ഞു. സൈമണിന്റെ മകളും അനീഷും പള്ളിയിൽ വച്ചാണ് പരിചയപ്പെടുന്നത്. പിന്നീട് കുടുംബങ്ങൾ തമ്മിൽ അടുപ്പത്തിലായി. ഈ ബന്ധത്തിനോട് സൈമണിന് എതിർപ്പായിരുന്നു.
സൈമണ്‍ അറിയാതെയാണ് വീട്ടുകാർ അനീഷുമായും വീട്ടുകാരുമായും ബന്ധം പുലർത്തിയിരുന്നത്. പേട്ട ചായക്കുടി ലൈനിലെ സൈമൺ ലാലന്റെ വീട്ടിൽ 29ന് പുലർച്ചെ 3 മണിക്കാണ് കൊലപാതകം നടന്നത്. അടുത്തുള്ള പേട്ട സ്റ്റേഷനിലെത്തി സൈമൺ തന്നെയാണ് കുത്തിയ കാര്യം വെളിപ്പെടുത്തിയതും. അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുന്നതിനിടെ മരിച്ചു.
English Summary : Remand report of Pettah Anish murder