ഹെഡ്ഫോൺ ‘വള്ളിക്കെട്ട്’ വേണ്ട, എല്ലാം ആപ്പിലായി; പുതുയുഗത്തിലെ റേഡിയോ
Mail This Article
ഇന്നു ലോക റേഡിയോ ദിനം. പഴയകാലത്തെ റേഡിയോയിൽനിന്നു മാറി ‘ഇന്ററാക്ടീവ്’ റേഡിയോ ആപ്പുകളിലേക്ക് കുടിയേറിയിരിക്കുകയാണ് പുതുതലമുറ. ഒരു ഗാനം ആവശ്യപ്പെട്ട് റേഡിയോ സ്റ്റേഷനിലേക്ക് കത്തെഴുതി അത് അടുത്ത വാരത്തിൽ വായിക്കുന്നതും പിന്നാലെ പാട്ടുവരുന്നതും കാത്തിരുന്ന ആ കാലം തീർത്തും അറ്റുപോയിട്ടില്ലെങ്കിലും കുറച്ചുകൂടി വേഗം താൽപര്യപ്പെടുന്നവരാണ് പുതുതലമുറ.
മൊബൈൽ ഫോണുകളിലേക്ക് എഫ്എം റേഡിയോ ചേക്കേറിയതോടെ റേഡിയോയുടെ രണ്ടാം ജന്മമാണ് കുറിച്ചത്. പക്ഷേ ഹെഡ്ഫോൺ കുത്തി ആന്റിനയെന്ന കളം ഒരുക്കിയാലേ ഫോണിൽ റേഡിയോ കേൾക്കാൻ പറ്റൂ എന്ന ‘വള്ളിക്കെട്ട്’ അതിൽ വന്നതോടെ പലരും പതിയെ പിന്മാറി. ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾക്ക് ഈ സൗകര്യം നൽകാനും കഴിഞ്ഞില്ല. വള്ളി ഹെഡ്സെറ്റുകൾ ഇല്ലാതെ റേഡിയോ കേൾക്കാൻ കളമൊരുക്കിയ ഫോൺ മോഡലുകൾക്ക് പൊട്ടലും ചീറ്റലും കാരണം കേൾവിക്കാരും ഇല്ലാതായി.
ഇവിടെയാണ് വെബ് റേഡിയോ സ്റ്റേഷനുകൾ ഉദയം കൊണ്ടത്. ആദ്യകാലത്ത് റെക്കോർഡ് ചെയ്ത പാട്ടുകളിൽ മാത്രം ഒതുങ്ങിനിന്ന വെബ് റേഡിയോ സ്റ്റേഷനുകൾ 3ജി യുഗം എത്തിയതോടെ ലൈവിലേക്ക് കടന്നു. അതിനു പിന്നാലെ എഫ്എം സ്റ്റേഷനുകളും മൊബൈൽ ആപ്പുകൾ വഴി സമാന്തരമായി പ്രക്ഷേപണവും തുടങ്ങി.
ഇന്ത്യയിൽ സ്വകാര്യ എഫ്എം സ്റ്റേഷനുകൾക്ക് സാധാരണ പ്രക്ഷേപണത്തിലൂടെ നൽകാൻ കഴിയാത്ത പലതും വെബ് റേഡിയോ വഴി നൽകാനും കഴിയും. കൂടാതെ റേഡിയോ ഫ്രീക്വൻസിയുടെ സഞ്ചാരപാതയിലെ മലയും ഭൂപ്രകൃതിയും കെട്ടിടങ്ങളുമെല്ലാം തീർക്കുന്ന വിഘാതങ്ങളും വെബ് സ്റ്റേഷനുകൾ മറികടന്നു.
ഏത് രാജ്യത്തിരുന്നും തന്റെ ഇഷ്ടഭാഷയിലെ സ്റ്റേഷൻ ശ്രവിക്കാനും അതേ ആപ്പിലൂടെ പരിപാടി അവതരിപ്പിക്കുന്നവരുമായി അപ്പപ്പോൾ സംവദിക്കാനും വഴിയൊരുക്കി. ഇന്റർനെറ്റ് ചാർജുകൾ കുറഞ്ഞതോടെ ഒരു ദിവസത്തെ മൊബൈൽ ഡേറ്റ ക്വാട്ട തീർക്കാൻ റേഡിയോ കേട്ടും യുട്യൂബ് കണ്ടും ‘സംപൂജ്യ’രാകുന്നവരുമുണ്ട്.
ടെലിവിഷൻ വാർത്താ ചാനലുകളുടെ ഓഡിയോ മാത്രം റേഡിയോ രൂപത്തിൽ ആപ്പുകളിൽ ലഭിച്ചതോടെ മറ്റു ജോലിക്കിടയിലും വാർത്താ തൽപരർ ഈ വഴി വന്നു. എഫ്എം ചാനലുകൾ കൂട്ടത്തോടെ വന്നതോടെ കാർ യാത്രക്കാരുടെ പ്ലെയറിൽനിന്നു സിഡിയും പാട്ട് റെക്കോർഡ് ചെയ്ത പെൻഡ്രൈവുമൊക്കെ പതിയെ കളമൊഴിഞ്ഞു. എല്ലായിടത്തും ഇന്റർനെറ്റ് ലഭ്യത വന്നതോടെ പലരും മൊബൈൽ ആപ്പ് വഴി സഞ്ചാരത്തിനിടയിൽ റേഡിയോ പരിപാടികൾ ആസ്വദിക്കുന്നു.
സാധാരണ റേഡിയോ സ്റ്റേഷനുകളിൽനിന്നും ഫ്രീക്വൻസി കിട്ടാതെ പൊട്ടലും ചീറ്റലും നേരിടുന്ന അവസ്ഥയും ഈ വഴി മറികടക്കുന്നു. അധികം പണം ചെലവഴിക്കാതെതന്നെ ഇത്തരം വെബ് റേഡിയോ സ്റ്റേഷനുകൾ ആരംഭിക്കാമെന്നു വന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും എൻജിഒകളും കമ്യൂണിറ്റികളുമെല്ലാം ഇതുവഴി അവരവരുടെ ശ്രോതാക്കളിലേക്ക് എത്തിച്ചേരുന്നുണ്ട്. വാട്സാപ് പോഡ്കാസ്റ്റ് വഴി റേഡിയോയുടെ മറ്റൊരു രൂപവും രൂപപ്പെടുന്നത് വിട്ടുകളയാനാവില്ല.
Content Highlight: World Radio Day