പ്രതികള്‍ സിപിഎം പ്രവർത്തകർ; ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തി: കണ്ണൂർ മേയർ

Mail This Article
കണ്ണൂർ∙ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ യുവാവ് മരിച്ച സംഭവത്തിൽ നിര്‍ണായക വെളിപ്പെടുത്തലുമായി കണ്ണൂര്‍ മേയര്‍ ടി.ഒ.മോഹനന്‍. കൊലപാതകത്തലേന്ന് രാത്രി പ്രതികള്‍ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയെന്നു മേയർ പറഞ്ഞു. ഏച്ചൂരിലെ മാലിന്യസംസ്കരണ പ്ലാന്‍റിന് സമീപം രാത്രി ഒരു മണിയോടെയാണ് സ്ഫോടനമുണ്ടായത്. പ്രതികളെല്ലാം സിപിഎമ്മിന്‍റെ സജീവപ്രവര്‍ത്തകരാണ്. ബോംബ് നിര്‍മിക്കാനും സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യം ഇവര്‍ക്കുണ്ടെന്നും ഇതിനെക്കുറിച്ചെല്ലാം സമഗ്രമായ അന്വേഷണം വേണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
ഏച്ചൂർ പാതിരപ്പറമ്പിൽ പരേതനായ മോഹനന്റെ മകൻ ജിഷ്ണു (26) ആണു ഞായറാഴ്ച ബോംബേറിൽ മരിച്ചത്. 6 പേർക്കു പരുക്കേറ്റിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു വിവാഹ പാർട്ടി വരന്റെ വീട്ടിലക്കു കയറിയ ഉടൻ, 100 മീറ്റർ പിന്നിലായി ചാല 12 കണ്ടി റോഡിലാണു സംഭവം നടന്നത്. ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെ സൽക്കാരത്തിനിടെ പാട്ടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏച്ചൂരിൽ നിന്നും തോട്ടടയിൽ നിന്നുമുള്ള 2 വിഭാഗങ്ങൾ തമ്മിൽ തർക്കവും കയ്യാങ്കളിയും നടന്നിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ബോംബേറ് ഉണ്ടായത്. വിവാഹ പാർട്ടി വീട്ടിലേക്കു നടക്കുന്നതിനിടെ, ഏച്ചൂർ – തോട്ടട സംഘങ്ങൾ തമ്മിൽ ഞായറാഴ്ച വീണ്ടും ഏറ്റുമുട്ടലുണ്ടാവുകയും ഏച്ചൂർ സംഘം എതിരാളികളെ ലക്ഷ്യം വച്ചെറിഞ്ഞ ബോംബ് ഉന്നം തെറ്റി ജിഷ്ണുവിനു മേൽ പതിക്കുകയുമായിരുന്നു. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല.
ബോംബെറിഞ്ഞയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത ഏച്ചൂർ സ്വദേശി അക്ഷയ് ആണ് ബോംബെറിഞ്ഞതെന്നും ഇയാൾ കുറ്റംസമ്മതിച്ചെന്നും പൊലീസു പറഞ്ഞു. കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. അക്ഷയ് ഉൾപ്പെടെ നാല് പേരാണ് പൊലീസ് പിടിയിലായത്.
English Summary: Kannur Mayor On Bomb Blast Death