കണ്ണൂരിലെ വിവാഹ പാർട്ടിക്കുനേരെയുള്ള ബോംബേറ്: ദൃശ്യങ്ങള്‍ പുറത്ത്- വിഡിയോ

Mail This Article
കണ്ണൂർ∙ തോട്ടടയിൽ വരന്റെ വീടിനു സമീപം വിവാഹ പാർട്ടിക്കു നേരെയുണ്ടായ ബോംബേറിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബോംബ് പൊട്ടിയതിനുശേഷം ആളുകള്‍ ചിതറിയോടുന്നത് ദൃശ്യങ്ങളില്‍ കാണാം.
ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെ സൽക്കാരത്തിനിടെ പാട്ടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏച്ചൂരിൽ നിന്നും തോട്ടടയിൽ നിന്നുമുള്ള 2 വിഭാഗങ്ങൾ തമ്മിൽ തർക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു ഞായറാഴ്ച ബോംബേറ്. വിവാഹ പാർട്ടി വരന്റെ വീട്ടിലേക്കു കയറിയ ഉടൻ, 100 മീറ്റർ പിന്നിലായി ചാല 12 കണ്ടി റോഡിലാണു സംഭവം നടന്നത്. ബോംബേറിൽ വരന്റെ സുഹൃത്തായ ഏച്ചൂർ പാതിരപ്പറമ്പിൽ പരേതനായ മോഹനന്റെ മകൻ ജിഷ്ണു (26) മരിച്ചു. തല ചിന്നിച്ചിതറിയ നിലയിലായിരുന്ന മൃതദേഹം ഒന്നര മണിക്കൂറോളം റോഡിൽ കിടക്കുകയായിരുന്നു. ബോംബ് ആക്രമണത്തിൽ ആറ് പേർക്ക് പരുക്കേറ്റു. ഇവരിൽ 4 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
കേസിലെ പ്രധാന പ്രതി മിഥുൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ബോബ് നിർമിച്ചത് മിഥുനാണ്. മറ്റു പ്രതികളായ അക്ഷയ്, ഗോകുൽ എന്നിവർ ബോംബ് നിര്‍മാണത്തിന് സഹായിച്ചെന്നും പൊലീസ് കണ്ടെത്തി. മിഥുന്റെ നേതൃത്വത്തിലുള്ള ഏച്ചൂർ സംഘം എത്തിയതു കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഏച്ചൂർ സംഘം 3 ബോംബുകളാണു രാവിലെ മുതൽ കൈയ്യിൽ കരുതിയിരുന്നതെന്നും മൂന്നും തോട്ടട സംഘത്തിനു നേരെ എറിഞ്ഞതായും സ്ഥിരീകരിച്ചു. ഒരു ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് പൊട്ടി. മൂന്നാമത്തേതാണു ലക്ഷ്യം തെറ്റി ജിഷ്ണുവിന്റെ തലയിൽ പതിച്ചത്.
English Summary: Kannur bomb attack upadates