എന്റെ വീട്ടിൽ വളർന്ന പിള്ളേരാണ്; പേടിച്ച് ശുചിമുറിയിൽ ഒളിച്ചു: െനഞ്ചുപൊട്ടി രാഹുൽ

Mail This Article
ചീനിക്കുഴി∙ ഇടുക്കിയിൽ മകനുള്‍പ്പെടെ നാലംഗ കുടുംബത്തെ പിതാവ് തീവച്ചു കൊലപ്പെടുത്തിയതിൽ നെഞ്ചുതകർന്ന് അയൽവാസി രാഹുൽ. രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം അടച്ചാണ് ഹമീദ് കൂട്ടക്കൊലയ്ക്ക് കളമൊരുക്കിയതെന്ന് രാഹുൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഫൈസലിന്റെ പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു.
മുറിയില്‍ തീപടര്‍ന്നതും ഫൈസലും മക്കളും രക്ഷതേടി ശുചിമുറിയല്‍ ഒളിച്ചു. രക്ഷിക്കാന്‍ അപേക്ഷിച്ച് കുട്ടികള്‍ ഫോണില്‍ വിളിച്ചെന്നും രാഹുല്‍ പറഞ്ഞു. ഓടിച്ചെന്നപ്പോൾ വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. പുറത്തേക്കുളള വാതിലുകളും കിടപ്പുമുറിയുടെ വാതിലും പുറത്തുനിന്ന് പൂട്ടിയിരുന്നു. വാതിലുകള്‍ ചവിട്ടിത്തുറന്നപ്പോള്‍ നാലുപേരും ശുചിമുറിയില്‍ ഒളിച്ചനിലയിലായിരുന്നു. ഹമീദ് പെട്രോള്‍ നിറച്ച കുപ്പികള്‍ മുറിയിലേക്ക് എറിയുന്നുണ്ടായിരുന്നു. പിന്നീട് നാട്ടുകാർ എത്തിയാണ് തീയണച്ചതെന്നും രാഹുൽ പറഞ്ഞു.
ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കവെ വീടിന് തീയിടുകയായിരുന്നു. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് അറിയിച്ചു.
ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. തീപിടിച്ചതിനെത്തുടര്‍ന്ന് ഞെട്ടിയെഴുന്നേറ്റ കുട്ടികളിലൊരാള്‍ അയല്‍ക്കാരനെ ഫോണില്‍ വിവരം അറിയിക്കുകയായിരുന്നു. ഇയാള്‍ ഓടി വീട്ടിലെത്തിയപ്പോള്‍ വാതിലുകള്‍ പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഇതാണ് കുടുംബത്തിന് രക്ഷപ്പെടാന്‍ സാധിക്കാതെ വന്നത്. തുടര്‍ന്ന് വാതില്‍ തകര്‍ത്താണ് അകത്തു കയറിയത്.
English Summary: Idukki Cheenikuzhi family murder