ഇടുക്കിയിൽ വെടിയുതിർത്ത് യുവാവ്; ഒരു മരണം, 3 പേർക്ക് ഗുരുതര പരുക്ക്

Mail This Article
തൊടുപുഴ ∙ ഇടുക്കി മൂലമറ്റത്ത് നാട്ടുകാരുടെ നേരെ യുവാവിന്റെ വെടിവയ്പ്. ഒരാൾ മരിച്ചു. മൂന്നുപേരുടെ നില ഗുരുതരം. ബസ് കണ്ടക്ടർ കീരിത്തോട് സ്വദേശി സനൽ സാബുവാണ് (34) മരിച്ചത്. സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയും മറ്റു രണ്ടു പേരെയും ഗുരുതര പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതി മൂലമറ്റം സ്വദേശി മാവേലി പുത്തൻപുരയ്‌ക്കൽ ഫിലിപ്പ് മാർട്ടിൻ (കുട്ടു–26) പിടിയിലായി. ശനിയാഴ്ച രാത്രി 9.40നു മൂലമറ്റം ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം. വിദേശത്തായിരുന്ന കുട്ടു ഈയിടെയാണ് നാട്ടിൽ എത്തിയത്.
രാത്രി മൂലമറ്റത്തെ തട്ടുകടയിൽ ഫിലിപ്പ് ഭക്ഷണത്തിന്റെ പേരിൽ ബഹളമുണ്ടാക്കി. നാട്ടുകാർ ഇടപെട്ട് ഇയാളെ വാഹനത്തിൽ കയറ്റിവിടാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിൽനിന്നു തോക്കെടുത്ത് അഞ്ചു തവണ വെടിയുതിർത്തു. ഇതിനിടെ സ്കൂട്ടറിൽ എത്തിയ സനലിന്റെ കഴുത്തിലാണു വെടിയേറ്റത്. പിന്നീട് വാഹനത്തിൽ കടക്കാൻ ശ്രമിച്ച പ്രതി മുട്ടത്തു പൊലീസ് പിടിയിലായി.
English Summary: Man shot dead in Idukki Moolamattom