ADVERTISEMENT

സീതത്തോട് (പത്തനംതിട്ട)∙ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി–ആനത്തോട് അണക്കെട്ടിലേക്ക് അതിശക്തമായ നീരൊഴുക്ക്. ജലനിരപ്പ് റൂൾ ലെവലിലേക്കു അടുക്കുന്നു. ഞായറാഴ്ച ഉച്ചയോടെ ആനത്തോട് ഷട്ടറുകൾ ഉയർത്താൻ സാധ്യത. 981.456 മീറ്റർ ശേഷിയുള്ള കക്കി–ആനത്തോട് അണക്കെട്ടിൽ 974.18 മീറ്ററും 986.332 മീറ്റർ ശേഷിയുള്ള പമ്പാ അണക്കെട്ടിൽ 981.7 മീറ്ററുമാണ് ജലനിരപ്പ്. കക്കിയിൽ 74.54 ശതമാനവും പമ്പയിൽ 71.85% ശതമാനവും വെള്ളമുണ്ട്.

നിലവിലുള്ള റൂൾ ലെവൽ അനുസരിച്ച് കക്കി–ആനത്തോട് അണക്കെട്ടിലെ ജലനിരപ്പ് 975.75 മീറ്ററിൽ എത്തിയാൽ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം. നിലവിൽ ഈ പ്രദേശത്ത് ബ്ലൂ അലർട്ടാണ്. ഏതെങ്കിലും കാരണവശാൽ പമ്പാ നദിയിൽ ഉയർന്ന ജലനിരപ്പാണെങ്കിൽ ഒരു പക്ഷേ ഷട്ടർ ഉയർത്താനുള്ള സാധ്യതയും കുറവാണ്.

അണക്കെട്ട് തുറക്കുമ്പോഴുള്ള വെള്ളത്തിന്റെ വരവ് കൂടിയാകുമ്പോൾ പമ്പാ നദിയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് കക്കി–ആനത്തോട് അണക്കെട്ടിൽ കൂടുതൽ വെള്ളം സംഭരിക്കാനുള്ള തീരുമാനവും ഒരു പക്ഷേ വന്നേക്കാമെന്ന് വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞു. സംസ്ഥാനതലത്തിൽ തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ‘റൂൾ ലെവൽ കമ്മിറ്റി’യുടെ തീരുമാനം പോലെയാകും തുടർ നടപടികൾ.

കക്കി പ്രദേശത്ത് 186 മില്ലിമീറ്റർ മഴ വ്യാഴാഴ്ച ലഭിച്ചിരുന്നു. ഈ സീസണിലെ ഏറ്റവും ഉയർന്ന മഴയാണിത്. കഴിഞ്ഞ നാല് ദിവസമായി 100 മില്ലിമീറ്ററിനു മുകളിലാണ് പ്രതിദിന മഴ. കക്കി, ആനത്തോട് അണക്കെട്ടുകളുടെ ജല സംഭരണികൾ ഒന്നിച്ചാണ് കിടക്കുന്നത്. കക്കി അണക്കെട്ടിനു ഷട്ടറുകൾ ഇല്ല. ആനത്തോട് അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയാണ് വെള്ളം പുറത്തേക്കു ഒഴുക്കുന്നത്. ഇതുവഴി എത്തുന്ന വെള്ളം കക്കിയാർ വഴി പമ്പ ത്രിവേണിയിൽ എത്തും.

അണക്കെട്ടുകളിലെ ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കാൻ അണക്കെട്ട് സുരക്ഷാ വിഭാഗം മൂഴിയാർ, പമ്പ സബ് ഡിവിഷനുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. ഗവി റൂട്ടിൽ അരണമുടിക്കു സമീപം മണ്ണിടിഞ്ഞ് കിടക്കുന്നതിനാൽ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ കുമളി വള്ളക്കടവ് വഴിയാണ് ആനത്തോട്ടിൽ എത്തിയത്. ഷട്ടറുകൾ ഉയർത്തുന്നതിനു എല്ലാ വിധ തയാറെടുപ്പുകളും സ്വീകരിച്ച് കഴിഞ്ഞതായി അണക്കെട്ട് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlights: Kakki Dam, Anathode Dam, Rain Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com