പ്രണയം തകര്‍ന്നപ്പോള്‍ സംശയം; 'അഖിലായി' വീണ്ടും അടുത്തു ഗോപു: വിളിച്ചിറക്കി കൊന്നു

Mail This Article
തിരുവനന്തപുരം∙ വർക്കലയിൽ പതിനേഴുകാരിയെ സുഹൃത്ത് കൊലപ്പെടുത്തിയതു മറ്റൊരാളുടെ പേരിൽ വീട്ടിൽനിന്നു വിളിച്ചിറക്കിയതിനു ശേഷം. വർക്കല വടശേരിക്കോണം തെറ്റിക്കുളം യുപി സ്കൂളിനു സമീപം കുളക്കോടുപൊയ്ക പൊലീസ് റോഡിൽ സജീവ്–ശാലിനി ദമ്പതികളുടെ മകൾ സംഗീതയെയാണ് സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സുഹൃത്ത് പള്ളിക്കല്‍ സ്വദേശി ഗോപുവിനെ പൊലീസ് പിടികൂടി
സംഗീതയും ഗോപുവും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. ഈയിടെ ഇരുവരും വേർപിരിഞ്ഞു. മറ്റൊരാളുമായി ബന്ധമുള്ളതിനാലാണ് സംഗീത വേർപിരിഞ്ഞതെന്ന സംശയം ഗോപുവിലുണ്ടായി. ഇതറിയുന്നതിനായി പുതിയ സിം എടുത്ത് ‘അഖിൽ’ എന്ന പേരിൽ ശബ്ദം മാറ്റി ഗോപു സംഗീതയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു.
ഇതിനിടെ സംഗീതയെ നേരിട്ട് കാണണമെന്ന് അഖിൽ എന്ന ഗോപു ഫോണിൽ ആവശ്യപ്പെട്ടു. ഇതനുസരിച്ച് വിളിച്ചത് ഗോപു ആണെന്നറിയാതെ പെണ്‍കുട്ടി വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചാണ് ഗോപു എത്തിയത്. തന്നെ കാണാൻ എത്തിയത് ഗോപുവാണെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതോടെ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ഗോപു സംഗീതയുടെ കഴുത്തില്‍ ആഞ്ഞുവെട്ടുകയായിരുന്നു.
സംഗീത കഴുത്തിൽ പിടിച്ച് നിലവിളിച്ച് വീടിന്റെ സിറ്റൗട്ടിൽ വീഴുകയും വാതിലിൽ അടിക്കുകയും ചെയ്തു. ബഹളം കേട്ട് ഉണർന്ന് എത്തിയ അച്ഛനും അമ്മയും രക്തത്തിൽ കുളിച്ചു കിടക്കുന്ന സംഗീതയെ ആണ് കണ്ടത്. പരിസരവാസികൾ എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വഴിമധ്യേ സംഗീത മരിച്ചു.

English Summary: Seventeen Year old girl murdered at Varkala, one held