ADVERTISEMENT

തിരുവനന്തപുരം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദനാ ദാസിനെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതി സന്ദീപിനെ പരാതിക്കാരന്‍ എന്ന നിലയില്‍ വൈദ്യസഹായത്തിനു വേണ്ടിയാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് എഡിജിപി അജിത് കുമാർ. പുലര്‍ച്ചെ താന്‍ ആക്രമിക്കപ്പെട്ടുവെന്ന് സന്ദീപ് തന്നെയാണ് പൊലീസിനെ വിളിച്ചു പറഞ്ഞത്. അതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസുകാര്‍ ചികിത്സയ്ക്കായാണ് അയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചതെന്നും എഡിജിപി പറഞ്ഞു. 

എഡിജിപിയുടെ വാക്കുകൾ ഇങ്ങനെ: സന്ദീപ് ആശുപത്രിയിൽ എത്തുമ്പോൾ പ്രതിയായിരുന്നില്ല, പരാതിക്കാരനായിരുന്നു. താൻ ആക്രമിക്കപ്പെട്ടു എന്നു പറഞ്ഞ് സന്ദീപ് പൊലീസിനെ വിളിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തിയപ്പോൾ ഒരു വീടിന്റെ മുന്നിൽ വടിയുമായി നിൽക്കുകയാണ്. പൊലീസ് എത്തി അയാളെയും ബന്ധുവിനെയും കൂട്ടി ആശുപത്രിയിലെത്തി. ബന്ധുവിനെയും നാട്ടുകാരെയും കൂട്ടിയാണ് പൊലീസ് ഇയാളുമായി ആശുപത്രിയിലേക്ക് പോയത്. ആശുപത്രിയിൽ എത്തി കാഷ്വൽറ്റിയിൽ ഡോക്ടർ പരിശോധിക്കുമ്പോൾ ഇയാൾ ശാന്തനാണ്. പിന്നീട് ഡോക്ടർ ഇയാളെ എക്സ്റേ എടുക്കാനും ഡ്രസ് ചെയ്യാനും റഫർ ചെയ്യുകയും അയാളെ അടുത്ത മുറിയിൽ കൊണ്ടുപോകുകയും ചെയ്തു. 

അവിടെ ഡ്രസ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇയാൾ അക്രമാസക്തനാകുന്നത്. ഇയാൾ ആദ്യം ആക്രമിക്കുന്നത് ബന്ധുവിനെയാണ്. പൊലീസും അവിടെയുണ്ടായിരുന്നു. ആക്രമണത്തിൽ രണ്ടു പൊലീസുകാർക്കും പരുക്കേറ്റു. 

ഒരു എഎസ്ഐ എയിഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. അദ്ദേഹം ഓടിയെത്തി. അദ്ദേഹത്തെയും നാട്ടുകാരനായ ബിനുവിനെയും സന്ദീപ് കുത്തി. ആ സമയത്ത് മറ്റു ഡോക്ടർമാരെല്ലാം പെട്ടെന്ന് മറ്റൊരു മുറിയിലേക്ക് മാറുകയും ഡോർ അടയ്ക്കുകയും ചെയ്തു. എന്നാൽ വന്ദനയ്ക്ക് പെട്ടെന്ന് മാറാൻ കഴിഞ്ഞില്ല. ആ കുട്ടി ഒറ്റപ്പെട്ടു പോയി. ഇത്രയും പേരെ ആക്രമിച്ച പ്രതി പെട്ടെന്ന് തിരിഞ്ഞ് ഈ ഡോക്ടറെ കുത്തുകയുമായിരുന്നു.

നാട്ടുകാർ പറയുന്നത് അവരാരും ഇയാളെ ഉപദ്രവിച്ചിട്ടില്ല എന്നാണ്. അതുകൊണ്ട് ഇയാൾക്ക് എങ്ങനെയാണ് പരുക്കേറ്റതെന്ന് വ്യക്തമല്ല. ഇയാൾ മദ്യത്തിന് അടിമയാണെന്നും പറയുന്നുണ്ട്. ഇന്നലെ രാത്രി മുതൽ ഇയാൾ അക്രമാസക്തനായി നടക്കുകയാണെന്നും നാട്ടുകാർ പറയുന്നു. ഇയാൾക്ക് മറ്റെന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. 

English Summary: ADGP Ajith Kumar on attack against Vandana Das

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com