മോഖ ചുഴലിക്കാറ്റ് അതിതീവ്രമായി; മത്സ്യബന്ധനത്തിനും കപ്പല്‍യാത്രയ്ക്കും വിലക്ക്

Mail This Article
തിരുവനന്തപുരം∙ മോഖ ചുഴലിക്കാറ്റ് അതിതീവ്രമായി. തമിഴ്നാടുള്‍പ്പെടെയുള്ള കിഴക്കന്‍ തീരസംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ തീരത്തും കാലാവസ്ഥാ വകുപ്പ് അതീവജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യബന്ധനത്തിനും കപ്പല്‍യാത്രയ്ക്കും വിനോദ സഞ്ചാരത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മോഖയുടെ സ്വാധീനത്തില്‍ വരുന്ന മൂന്നുദിവസം കേരളത്തില്‍ പരക്കെ മഴകിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത മോഖ ചുഴലിക്കാറ്റ് അതിതീവ്രമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്, ശ്രീലങ്ക, ആന്‍ഡമാന്‍ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്.
കേരള അതിര്‍ത്തിയോട് ചേര്‍ന്ന കുളച്ചല്‍തീരം മുതല്‍ ഈ നിയന്ത്രണം നിലവിലുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലുള്ള മത്സ്യബന്ധന ബോട്ടുകളോടും കപ്പലുകളോടും ഏറ്റവും അടുത്ത തീരത്തേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കി. മണിക്കൂറില്‍ 175 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. തിരമാല മൂന്നര മീറ്ററോളം ഉയരും. തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്ര, ഒഡിഷ, ബംഗാള്‍, ആന്‍ഡമാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ജാഗ്രതപാലിക്കാന്‍ കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു. കടല്‍തീരത്തുള്ള വിനോദ സഞ്ചാരം ഒഴിവാക്കണം. കേരളത്തിൽ ചില സ്ഥലങ്ങളില്‍ ശക്തമായ മഴ, കാറ്റ്, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ ബംഗ്‌ളാദേശിലെ കോക്സ്ബസാറിന് സമീപം കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
English Summary: Cyclone Mocha to intensify