ഉഗാണ്ടയിൽ ഭീകരാക്രമണം; സ്കൂളിന് തീയിട്ടു, 38 കുട്ടികൾ ഉൾപ്പെടെ 41 പേരെ ചുട്ടുകൊന്നു
Mail This Article
പോണ്ട്‌വെ ∙ ഉഗാണ്ടയില്‍ ഭീകരവാദികള്‍ സ്കൂളിനു നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരിൽ 38 പേർ വിദ്യാർഥികളാണ്. കോംഗോയുടെ അതിർത്തി പ്രദേശത്തുള്ള സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായതെന്ന് പോണ്ട്‌വെ ലുബിറിഹ മേയർ സെൽവെസ്റ്റ് മാപോസ് അറിയിച്ചു.
മരിച്ചവരിൽ ഒരാൾ സുരക്ഷാ ഉദ്യോഗസ്ഥനും രണ്ടു പേർ നാട്ടുകാരുമാണ്. പരുക്കേറ്റ എട്ടുപേർ ഗുരുതരാവസ്ഥയിലാണ്. നിരവധിപ്പേരെ തടവുകാരായി തട്ടിക്കൊണ്ടുപോയി. സ്കൂൾ ഡോര്‍മെട്രിയും സ്റ്റോര്‍ റൂമും അക്രമികള്‍ അഗ്നിക്കിരയാക്കി. സ്കൂളിനു നേരെ ബോംബ് എറിയുകയും ചെയ്തു. ചിലരെ വെട്ടിയും വെടിവച്ചുമാണ് കൊലപ്പെടുത്തിയത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണെന്നാണു റിപ്പോർട്ട്.
ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്കൂളുകള്‍ കത്തിക്കുന്നതും വിദ്യാർഥികളെ കൊല്ലുന്നതും തട്ടിക്കൊണ്ടുപോകുന്നതും ഈ സംഘടനയുടെ പതിവാണ്. 1990കളില്‍ രൂപം കൊണ്ട എഡിഎഫിനെ 2001ല്‍ സൈന്യം ഉഗാണ്ടയിൽനിന്നു തുരത്തിയിരുന്നു. തുടർന്ന് കോംഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച എഡിഎഫ്, ഐഎസുമായി ബന്ധം സ്ഥാപിക്കുകയും ഉഗാണ്ടയില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തിവരികയുമാണ്.
English Summary: At least 41 killed in rebel attack on Ugandan school near Congo border