മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാൻ സുപ്രീം കോടതി അനുമതി; പൊലീസ് അകമ്പടിയില്ല, കൊല്ലത്ത് താമസിക്കാം
Mail This Article
ന്യൂഡൽഹി∙ കേരളത്തിലേക്ക് പോകാനും ചികിത്സ തേടാനും പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് സുപ്രീം കോടതി അനുമതി. കൊല്ലത്തെ കുടുംബവീട്ടിലെത്തി പിതാവിനെ കാണാം. ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്. 15 ദിവസത്തിലൊരിക്കൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. കൊല്ലം ജില്ലയിൽ തങ്ങണമെന്നാണ് കോടതി നിർദ്ദേശിച്ചതെങ്കിലും, ചികിത്സയ്ക്കായി ജില്ല വിട്ട് പോകാൻ കോടതി അനുവദിച്ചു. കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടു കൂടി മാത്രമേ ജില്ല വിട്ടു പോകാവൂ എന്നും കോടതി നിർദ്ദേശിച്ചു.
ഇത്തവണ കേരളത്തിലേക്കു പോകാൻ അനുമതി നൽകിയ സുപ്രീം കോടതി, കഴിഞ്ഞ തവണത്തേതു പോലെ കർണാടക പൊലീസ് സുരക്ഷ നൽകണമെന്ന് നിർദേശിച്ചിട്ടില്ല. കേരള പൊലീസിന്റെ അകമ്പടിയും ഉണ്ടാകില്ല. മഅദനിയുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ഏറെക്കുറെ പൂർത്തിയായെന്നും ഈ സാഹചര്യത്തിൽ കോടതി നടപടികളിൽ ഇനി അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമില്ല എന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. മാത്രമല്ല മഅദനിയുടെ ആരോഗ്യനില ദിനംപ്രതി വഷളാകുകയാണെന്നും മികച്ച ചികിത്സ ആവശ്യമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ച കോടതി നാട്ടിൽ പോയി താമസിക്കാൻ മഅദനിക്ക് അനുമതി നൽകുകയായിരുന്നു. എന്നാൽ ബെംഗളുരുവിലെ വിചാരണ കോടതി അവശ്യപ്പെട്ടാൽ അവിടെ ഹാജരാകണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
കേരളത്തിലേക്ക് പോകാൻ നേരത്തെ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും, പിതാവിനെ കാണാനാകാതെ മടങ്ങിയെന്നും കേരളത്തിലേക്ക് പോകാൻ വീണ്ടും അനുമതി നൽകണമെന്നുമായിരുന്നു മഅദനിയുടെ ആവശ്യം. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും മഅദനി ആവശ്യപ്പെട്ടു. അതുപോലെ തന്റെ സുരക്ഷാ മേൽനോട്ടം കേരള പൊലീസിനെ ഏൽപിക്കണമെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മഅദനി ആവശ്യപ്പെട്ടു. കർണാടക സർക്കാരിന്റെ ചെലവ് താങ്ങാനാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
നേരത്തെ, മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീം കോടതി മഅദനിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, കർണാടക പൊലീസിന്റെ ചെലവ് താങ്ങാനാകാത്തതിനാൽ കഴിഞ്ഞ മാസം 26നാണ് മഅദനി കേരളത്തിലെത്തിയത്. തുടർന്ന് ജൂലൈ ആറിന് തിരികെ പോകുകയും ചെയ്തു. രോഗാവസ്ഥയിലുള്ള പിതാവിനെ കാണാനാണ് അന്ന് മഅദനി കേരളത്തിലെത്തിയത്. അന്ന് കേരളത്തിലെത്തിയതിനു പിന്നാലെ അസുഖബാധിതനായിതിനെ തുടർന്ന് മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മഅദനിക്കു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ദീർഘദൂര യാത്ര അനുവദിക്കാൻ കഴിയില്ലെന്നുമുള്ള മെഡിക്കൽ സംഘത്തിന്റെ നിർദേശത്തെ തുടർന്ന് കൊല്ലത്ത് എത്തി പിതാവിനെ കാണാനുള്ള ശ്രമം ഉപേക്ഷിച്ച് അദ്ദേഹം മടങ്ങുകയായിരുന്നു. മഅദനിയുടെ പിതാവിനെ കൊച്ചിയിൽ എത്തിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനാരോഗ്യം മൂലം അതും കഴിഞ്ഞില്ല. ബെംഗളൂരുവിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് വീണ്ടും കേരളത്തിലേക്കു പോകാൻ അനുമതി തേടി മഅദനി സുപ്രീം കോടതിയെ സമീപിച്ചത്.
English Summary: Supreme Court relaxes bail conditions for Madani, allows him to return to his family home in Kollam