ഇന്ത്യൻ സുരക്ഷാ ആശങ്കയാണ് പ്രധാനം; ചൈനീസ് കപ്പലിന് അനുമതി നിഷേധിച്ച് ശ്രീലങ്ക

Mail This Article
ന്യൂയോർക്ക്∙ ചൈനീസ് ഗവേഷണ കപ്പലിന് അനുമതി നിഷേധിച്ച് ശ്രീലങ്ക. സുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കയ്ക്കാണ് ശ്രീലങ്ക പ്രാധാന്യം നൽകുന്നതെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി വ്യക്തമാക്കി.
ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 6 ശ്രീലങ്കയിൽ നങ്കൂരമിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ശ്രീലങ്കയെ ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന നടത്തുന്ന സൈനിക ഇടപെടലുകൾ ഇന്ത്യക്ക് ഭീഷണിയാകുമെന്നാണ് ആശങ്ക. ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങളുടെ ആശങ്ക പരിഗണിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ‘‘കുറച്ചുകാലമായുള്ള ചർച്ചകൾക്കു ശേഷമാണ് ഈ തീരുമാനം. ഇന്ത്യ കുറെകാലമായി അവരുടെ ആശങ്ക അറിയിക്കുന്നുണ്ട്. ഇന്ത്യ അടക്കമുള്ള പല സുഹൃദ് രാജ്യങ്ങളുടെയും അഭിപ്രായം അറിഞ്ഞു. ചില മാർഗനിർദേശങ്ങളനുസരിച്ചാണ് ഞങ്ങൾ ഈ തീരുമാനത്തിൽ എത്തിയത്. .’’– അദ്ദേഹം പറഞ്ഞു.
ഒക്ടോബറിൽ ചൈനീസ് കപ്പലിനു ശ്രീലങ്കയിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ അശങ്ക ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഞങ്ങൾ നേരത്തെ തന്നെ ഇത് വ്യക്തമാക്കിയതാണ്. പ്രദേശത്തെ സമാധാനമാണ് ഞങ്ങൾക്ക് പ്രധാനം.’’– സാബ്രി അലി വ്യക്തമാക്കി.
വിദേശ കപ്പലുകൾ നങ്കൂരമിടുന്നതിൽ ചില മാർഗനിർദേശങ്ങളുണ്ടെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും വ്യക്തമാക്കി. ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ–6 ശ്രീലങ്കൻ തീരത്തെത്തുന്നതിൽ യുഎൻ അണ്ടർ സെക്രട്ടറി വിക്ടോറിയ നൂലന്റ് ശ്രീലങ്കൻ വിദേശകാര്യമന്ത്രി സാബ്രി അലിയെ നേരത്തെതന്നെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ചൈനീസ് ചാര കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടതിനെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വിമർശിച്ചിരുന്നു.
English Summary: Sri Lanka Denies Permission To Chinese Research ship