ഹമാസ് നുഴഞ്ഞുകയറ്റം തുടരുന്നുവെന്ന് മുന്നറിയിപ്പ്; അഷ്കലോൺ നഗരത്തിൽ ആക്രമണ സാധ്യത
Mail This Article
ടെൽ അവീവ്∙ ഹമാസ് സായുധസംഘം ഭേദിച്ച ഗാസ അതിർത്തിയുടെ നിയന്ത്രണം വീണ്ടെടുത്തതായി ഇസ്രയേൽ സേന പ്രഖ്യാപിച്ചതിനു പിന്നാലെ, കൂടുതൽ ഹമാസ് സായുധ സേനാംഗങ്ങൾ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയതായി മുന്നറിയിപ്പ്. ഇസ്രയേലിലെ അഷ്കലോൺ നഗരത്തിൽ ഹമാസ് സായുധസംഘം ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പു പുറപ്പെടുവിച്ചു. നഗരത്തിലെ ജനങ്ങളോടു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ഹമാസ് സംഘം നടത്തിയ ആക്രമണത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തി ഇസ്രയേൽ തിരിച്ചടി തുടരുന്നതിനിടെയാണ്, ഹമാസ് പ്രവർത്തകർ ഇപ്പോഴും അതിർത്തി വഴി നുഴഞ്ഞുകയറുന്നുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പ്.
അതിനിടെ, ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കടന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നൂറു കണക്കിനു പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇസ്രയേലിന്റെ തിരിച്ചടിയിൽ ഗാസയിലും പരിസരത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു. അയ്യായിരത്തോളം പേർക്കു പരുക്കുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ട 1500ലധികം ഹമാസുകാരുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു.
ശനിയാഴ്ച ഹമാസ് സായുധസംഘം ഭേദിച്ച ഗാസ അതിർത്തിയുടെ നിയന്ത്രണം വീണ്ടെടുത്തതായി ഇസ്രയേൽ സേന ഇന്നലെയാണ് പ്രഖ്യാപിച്ചത്. വടക്കൻ ഇസ്രയേൽ പ്രദേശത്തുനിന്നു ഹമാസ് സംഘാംഗങ്ങളായ 1500 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും തിങ്കളാഴ്ചയ്ക്കു ശേഷം നുഴഞ്ഞുകയറ്റമുണ്ടായിട്ടില്ലെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.
ഗാസയിലെ വ്യോമാക്രമണങ്ങൾക്കു തിരിച്ചടിയായി വടക്കൻ ഇസ്രയേൽ നഗരമായ ആഷ്‌കലോണിലേക്ക് ഹമാസ് റോക്കറ്റാക്രമണം നടത്തി. നഗരം വിടാൻ ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയ ശേഷമായിരുന്നു ആക്രമണം.പലസ്തീൻ വീടുകൾക്കുനേരെ മുന്നറിയിപ്പില്ലാതെ ഇസ്രയേൽ ഓരോ വട്ടം ബോംബാക്രമണം നടത്തുമ്പോഴും തടവിലുള്ള ഓരോ ഇസ്രയേൽ പൗരനെ വീതം കൊല്ലുമെന്നു ഹമാസ് ഭീഷണിയുയർത്തി. ഗാസയിൽ 150ൽ ഏറെ ബന്ദികളുണ്ടെന്നാണു വിവരം.