സിൽവർലൈൻ അടഞ്ഞ അധ്യായം, പുനഃപരിശോധനയില്ല: പി.കെ.കൃഷ്ണദാസ്
Mail This Article
ന്യൂഡൽഹി∙ സിൽവർലൈൻ പാത അടഞ്ഞ അധ്യായമെന്ന് റെയിൽവേ മന്ത്രാലയം പലവട്ടം വ്യക്തമാക്കിയതെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. ഇക്കാര്യത്തിൽ റെയിൽവേ മന്ത്രാലയവുമായി ആശയവിനിമയം നടത്തി വ്യക്തതവരുത്തിയിട്ടുണ്ട്. സിൽവർലൈൻ റെയിൽവേ മന്ത്രാലയവും ബോർഡും പുനഃപരിശോധിക്കുന്നില്ലെന്നു വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അർധ അതിവേഗ റെയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനുമായി വീണ്ടും ചർച്ച ചെയ്യണമെന്ന് ദക്ഷിണ റെയിൽവേയോടു റെയിൽവേ ബോർഡ് നിർദേശിച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റെയിൽവേ ബോർഡിന് തിരുവനന്തപുരം മുതൽ കാസർകോട് വരെയുളള അർധഅതിവേഗ റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് 2020 ജൂൺ 17ന് കെ റെയിൽ സമർപിച്ചിരുന്നു. റെയിൽവേ ഭൂമി ഏറ്റെടുക്കൽ, അലൈൻമെന്റ് തുടങ്ങിയ നിരവധി മേഖലകളിൽ പ്രശ്നങ്ങളുള്ളതായി ബോർഡ് കണ്ടെത്തിയിരുന്നു. കെ റെയിൽ ദക്ഷിണ റെയില്‍വെയുമായി ചർച്ച ചെയ്ത് വിശദമായ റിപ്പോർട്ട് വീണ്ടും സമർപ്പിച്ചു. എന്നാൽ, ഡിപിആറിൽ സതേൺ റെയിൽവേ ഇതേവരെ തീരുമാനമെടുത്തിട്ടില്ല.