ADVERTISEMENT

ചെന്നൈ ∙ സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളും സ്വാതന്ത്ര്യസമര സേനാനിയുമായ  എൻ.ശങ്കരയ്യ (102) അന്തരിച്ചു. പ്രായാധിക്യത്തെത്തുടർന്ന് കുറെക്കാലമായി വിശ്രമജീവിതത്തിലായിരുന്ന അദ്ദേഹം പനിയും ശ്വാസതടസവും കാരണം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 1964 ല്‍ സിപിഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയി, സിപിഎമ്മിനു രൂപം നൽകിയവരിലൊരാളാണ് അദ്ദേഹം. സിപിഎം ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ കിസാൻ സഭ അധ്യക്ഷൻ, സിപിഎം. തമിഴ്നാട് സംസ്ഥാന സെക്രട്ടറി, സിപിഎം. കേന്ദ്രകമ്മിറ്റിയംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.  എഴുത്തുകാരൻ, സംഘാടകൻ എന്നീ നിലകളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഭാര്യ പരേതയായ നവമണി അമ്മാൾ. മൂന്നു മക്കളുണ്ട്.

1921 ജൂലൈ 15 ന് തമിഴ്നാട്ടിലെ കോവിൽപട്ടിയിലാണ് ശങ്കരയ്യ ജനിച്ചത്. അഞ്ചാം ക്ലാസ് വരെ തൂത്തുക്കുടിയിലും പിന്നെ മധുര സെന്റ് മേരീസ് സ്കൂളിലുമായിട്ടായിരുന്നു സ്കൂൾ വിദ്യാഭ്യാസം. മധുരയിലെ അമേരിക്കൻ കോളജില്‍ ബിഎ ഹിസ്റ്ററി പഠിക്കാൻ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാനായില്ല. കോളജിലെ വിദ്യാർഥി യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായിരുന്ന ശങ്കരയ്യ 17 ാം വയസ്സിലാണ് അന്നു നിരോധിക്കപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ അംഗമായത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അവസാന വർഷ ബിരുദത്തിനു പഠിക്കുമ്പോൾ, 1941 ഫെബ്രുവരി 28 നു ബ്രിട്ടിഷ് പട്ടാളം ശങ്കരയ്യയെ പിടികൂടി ജയിലിലടച്ചു. പരീക്ഷയ്ക്ക് 15 ദിവസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അറസ്റ്റ്. പിന്നീട് 1947 ഓഗസ്റ്റ് 14 നാണ് ജയിൽ മോചിതനായത്.

1964 ഏപ്രിൽ 11 ന് സിപിഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയി സിപിഎമ്മിനു രൂപം കൊടുത്ത 32 നേതാക്കളിൽ ശങ്കരയ്യയും ഉൾപ്പെട്ടിരുന്നു. 1050 ലും 1962 ലെ ഇന്ത്യ –ചൈന യുദ്ധസമയത്തും 1964 ലും ജയിൽവാസമനുഭവിച്ചു. കയ്യൂര്‍ സമര സഖാക്കളെ തൂക്കിലേറ്റുമ്പോൾ ശങ്കരയ്യ കണ്ണൂര്‍ ജയിലില്‍ തടവുകാരനായി ഉണ്ടായിരുന്നു. ജയിൽ വാസങ്ങളെ അദ്ദേഹം അഭിമാനത്തോടെയാണ് കണ്ടിരുന്നത്.

1967, 1977, 1980 വർഷങ്ങളിൽ തമിഴ്നാട് നിയമസഭാംഗമായിരുന്ന ശങ്കരയ്യ 1995 മുതല്‍ 2002 വരെ സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു.

English Summary:

Senior CPM leader N Sankaraiah passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com