സൈബർ ഭീകരരുടെ ഭീഷണി:പൂട്ടിടാൻ പുതുപദ്ധതികൾ
Mail This Article
മുംബൈ∙ ലോകത്തെ തന്നെ ഏറ്റവും വലിയ സംഘടിത കുറ്റകൃത്യമായി സൈബർ തട്ടിപ്പ് മാറുമ്പോൾ ഓഫ് ലൈനിലും , ഓൺലൈനിലും നിതാന്ത ജാഗ്രത പുലർത്താൻ ഒട്ടേറെ പദ്ധതികളുമായി സർക്കാർ. മുൻപ് അധോലോകമായിരുന്നു ഭീഷണിയായതെങ്കിൽ ടെക്‌യുഗത്തിൽ 'സൈബർ ഭീകരന്മാരാണ്' തലവേദനയാകുന്നത്. പാർട്ട് ടൈം ജോലി, ഓൺലൈൻ ലോട്ടറി, കെവൈസി അപ്ഡേറ്റ്, ബിൽ അടയ്ക്കാനുണ്ടെന്ന പേരിലുള്ള സന്ദേശങ്ങൾ എന്നിവയിൽപ്പെട്ടാണ് കൂടുതൽ പേർക്കും പണം നഷ്ടമായത്. പരാതിക്കാരിൽ സിനിമാതാരങ്ങൾ മുതൽ വിരമിച്ച ജഡ്ജി വരെ.
മൂന്നു വർഷത്തിനിടെ 6000 കേസുകളാണ് റജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിൽ 500 കേസുകൾ പോലും തെളിയിക്കാനോ പണം കണ്ടെത്തി തിരികെ നൽകാനോ കഴിഞ്ഞിട്ടില്ല.
2019–2021 കാലയളവിൽ 263 കോടി രൂപ സൈബർ തട്ടിപ്പുകാർ നഗരത്തിൽ നിന്ന് തട്ടിയെടുത്തു. ഇതിൽ തിരിച്ച് പിടിക്കാനായത് വെറും 41 കോടി രൂപ മാത്രം. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പുകളും ഡീപ് ഫെയ്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകളും ഭീഷണിയായി ഉയരുന്നുണ്ട്. സർക്കാർ നിയമ നിർമാണത്തിന് ഒരുങ്ങുകയാണ്. പുതുവർഷത്തിൽ സൈബർ സുരക്ഷയുടെ കാര്യത്തിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്.
സൈബർ സേനയ്ക്ക് 837 കോടി
സൈബർ സേനയ്ക്കായി 837 കോടി രൂപ അനുവദിച്ചു. സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സൈബർ സെല്ലിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിലാക്കാനും വേണ്ടിയാണിത്. അത്യാധുനിക സാങ്കേതികവിദ്യയിലുള്ള പരിശീലനം, സൈബർ സേനയിൽ കൂടുതൽ വിദഗ്ധരായ ഉദ്യോഗസ്ഥരെ നിയമിക്കൽ, അന്വേഷണം വേഗത്തിലാക്കൽ, തട്ടിപ്പു പ്രതിരോധിക്കാൻ ബോധവൽക്കരണം തുടങ്ങി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
കുറ്റകൃത്യം കണ്ടെത്താൻ പരിശീലനം
സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരെ നിയമിക്കാനും സർക്കാർ തലത്തിൽ തീരുമാനമായി. പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരുടെ സേവനവും 24 മണിക്കൂറും ഉണ്ടാകും.
സൈബർ സേനയ്ക്ക് പുതിയതായി ആസ്ഥാന മന്ദിരവും നിർമിക്കുന്നുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരെയും വരും വർഷങ്ങളിൽ നിയമിക്കും.
ശ്രദ്ധിക്കാം
∙ സൈബർ തട്ടിപ്പിനിരയായാൽ ഉടൻ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം –1930
∙ഒടിപി പിൻ നമ്പറുകൾ കൈ മാറാതിരിക്കുക
∙ കണ്ണിൽ കാണുന്ന ലിങ്കുകളിലെല്ലാം ക്ലിക്ക് ചെയ്യാതിരിക്കുക
∙ബാങ്കിടപാടുകൾ ബാങ്കിന്റെ ആപ്പുപയോഗിച്ച് നടത്തുക
∙പബ്ലിക് ഹോട്ട്സ്പോട്ടുകൾ, വൈഫൈ എന്നിവ ഉപയോഗിച്ച് പണമിടപാടുകൾ നടത്താതിരിക്കുക
വിചിത്ര കൊലപാതകങ്ങളുടെ വർഷം
വിചിത്രമായ കുറ്റകൃത്യങ്ങളും സുപ്രധാനവിധിയും ഉണ്ടായ വർഷം കൂടിയാണ് 2023. മീരാറോഡിൽ ജീവിതപങ്കാളിയെ 20 കഷ്ണങ്ങളാക്കി വെട്ടിമുറിച്ച സരസ്വതി വൈദ്യ കേസും, മറൈൻ ലൈൻസിലെ സർക്കാർ ഹോസ്റ്റലിൽ 18വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവവും ഞെട്ടലുണ്ടാക്കി. ലാൽബാഗിൽ അമ്മയുടെ മൃതദേഹം കഷ്ണങ്ങളാക്കിയ സംഭവത്തിൽ മകൾ അറസ്റ്റിലായതും വലിയ ഞെട്ടലോടെയാണ് നഗരം കേട്ടത്. 2015 ഡിസംബറിൽ ചിത്രകാരിയായ ഹേമാ ഉപാധ്യയെയും അവരുടെ അഭിഭാഷകനെയും കൊലപ്പെടുത്തിയ പ്രതി ചിന്തൻ ഉപാധ്യയെ കഠിനതടവിന് വിധിച്ചതും 2023 ൽ ആണ്.