യുഎസ് കമ്പനിയുടെ ആഘോഷം: ഇരുമ്പ് കൂട്ടിൽ സ്റ്റേജിലേക്ക് ഇറങ്ങിയ സിഇഒയ്ക്ക് കയർ പൊട്ടിവീണ് ദാരുണാന്ത്യം– വിഡിയോ
Mail This Article
ഹൈദരാബാദ്∙ രാമോജി ഫിലിം സിറ്റിയില്‍ യുഎസ് സോഫ്റ്റ്വെയര് കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്കിടെ സ്റ്റേജിലുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനായ സിഇഒയ്ക്ക് ദാരുണാന്ത്യം. കമ്പനിയുടെ പ്രസിഡന്റിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിസ്ടെക്സ് ഏഷ്യ-പസിഫിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഇലിനോയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഇഒ സഞ്ജയ് ഷാ (56) ആണ് മരിച്ചത്. കമ്പനി പ്രസിഡന്റ് വിശ്വനാഥ രാജു ദത്തിയ ഗുരുതരാവസ്ഥയിലാണ്.
സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ തുടക്കത്തില്‍ ഇരുവരെയും ഇരുമ്പു കൂടിനുള്ളില്‍ മുകളില്‍നിന്ന് സ്റ്റേജിലേക്ക് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരുവശത്തെ ഇരുമ്പ് കയര്‍ പൊട്ടിയതോടെ ഇരുമ്പ് കൂട് ചെരിയുകയും 15 അടി ഉയരത്തില്‍നിന്ന് ഇരുവരും അതിവേഗത്തില്‍ ശക്തിയായി കോണ്‍ക്രീറ്റ് തറയിലേക്കു വീഴുകയുമായിരുന്നു. വൈകിട്ട് 7.40നാണ് അപകടം സംഭവിച്ചതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
സംഗീതഭരിതമായ പരിപാടിക്കിടെ ഇരുമ്പ് കൂട്ടില്‍നിന്ന് ജീവനക്കാരെ കൈവീശി ഇരുവരും താഴേക്ക് വരുന്നതിനിടെയാണ് പെട്ടെന്ന് കയര്‍ പൊട്ടി അപകടം സംഭവിച്ചത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷായുടെ ജീവന് രക്ഷിക്കാനായില്ല.
മുംബൈ സ്വദേശിയായ ഷാ, 1999ലാണ് വിസ്ടെക് കമ്പനി ആരംഭിച്ചത്. 1600 ജീവനക്കാരുള്ള കമ്പനിയുടെ വരുമാനം 300 ദശലക്ഷം ഡോളറാണ്. കൊക്കക്കോള, യമഹ, സോണി, ഡെല്‍ തുടങ്ങി വമ്പന്‍ കമ്പനികള്‍ വിസ്ടെക്കിന്റെ ഇടപാടുകാരാണ്. െൈഹദരാബാദിന് പുറമേ യുഎസ്, കാനഡ, മെക്സികോ, യൂറോപ്പ്, ആഫ്രിക്ക എന്നിവടങ്ങളിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.