ADVERTISEMENT

ഡെറാഡൂൺ∙ ഹൽദ്വാനി കലാപത്തിന്റെ മറവിൽ ഭാര്യയുടെ കാമുകനെ പൊലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തി. ഫെബ്രുവരി എട്ടിന് ബിഹാറിലെ ഭോജ്പുർ ജില്ലയിലാണു സംഭവം. പ്രകാശ് കുമാർ (25) ആണ് കൊല്ലപ്പെട്ടത്. പൊലീസ് കോൺസ്റ്റബിളായ ബിരേന്ദർ സിങ്ങാണ് പ്രകാശ് കുമാറിനെ കൊലപ്പെടുത്തിയത്.

Read Also: കാസർകോട് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചനിലയിൽ

പ്രകാശ് കുമാറുമായി ബിരേന്ദർ സിങ്ങിന്റെ ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായും ഇരുവരും ഒരുമിച്ചുള്ള വിഡിയോ ഉപയോഗിച്ച് ഇവരെ നിരന്തരം പ്രകാശ് കുമാർ ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കൊലപാതകത്തിലേക്കു നയിച്ചത്. ബിരേന്ദർ കുമാർ, ഭാര്യ, ഭാര്യാസഹോദരൻ എന്നിവരുൾപ്പെട്ട സംഘമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് നൈനിറ്റാൾ എസ്‌‌എസ്‌‌പി പ്രഹ്ലാദ് മീണ പറഞ്ഞു. 

‘‘കുമാറിന്റെ ഫോൺകോളുകൾ പരിശോധിച്ചപ്പോൾ ഉദ്ദംസിങ് നഗറിലുള്ള ഒരാളുമായി പ്രകാശ് കുമാർ നിരന്തരം സംസാരിച്ചിരുന്നതായി മനസ്സിലായി. പൊലീസ് നടത്തിയ അന്വേഷണത്തിൽ അത് ബിരേന്ദർ സിങ്ങിന്റെ ഭാര്യാസഹോദരൻ സൂരജ് ബെയിനാണെന്നു വ്യക്തമായി. രണ്ടുവർഷമായി കുമാറുമായി സൗഹൃദമുണ്ടെന്ന് ബെയിൻ പൊലീസിനോടു പറഞ്ഞു.’’– പ്രഹ്ലാദ് മീണ വ്യക്തമാക്കി. ബെയിന്റെ സഹോദരി പ്രിയങ്കയുമായി അടുത്തബന്ധമുണ്ടായിരുന്നതായും ഇരുവരും ഒരുമിച്ചുള്ള സ്വകാര്യവിഡിയോ കാണിച്ച് പ്രകാശ് കുമാർ പണം ആവശ്യപ്പെട്ട് നിരന്തരം ഇവരെ ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 

‘‘ഫെബ്രുവരി 7 വരെ ഈ വിഡിയോയെ കുറിച്ച് പ്രിയങ്ക ആരോടും പറഞ്ഞിരുന്നില്ല. പ്രകാശ് കുമാർ ബിരേന്ദർ സിങ്ങിനെ വിളിച്ച് ഈ വിഡിയോയുടെ കാര്യം പറഞ്ഞു. തുടർന്ന് വിവരം അറിഞ്ഞ ബിരേന്ദർ സിങ് ഭാര്യ പ്രിയങ്കയോട് പ്രകാശ് കുമാറിനെ വിളിച്ച് ഫെബ്രുവരി 8ന് ഹൽദ്വാനിയിലേക്ക് വരാൻ പറയാൻ ആവശ്യപ്പെട്ടു. തുടർന്ന് ബിരേന്ദർ സിങ് ഇയാളെ കൊലപ്പെടുത്തി.’’– പ്രഹ്ലാദ് മീണ വ്യക്തമാക്കി. തുടർന്ന് ഹൽദ്വാനി കലാപത്തിന്റെ മറവിൽ ഇയാളുടെ മൃതദേഹം ബൻഫൂൽപുരയിൽ ബിരേന്ദർ സിങ് സംസ്കരിക്കുകയും ചെയ്തു. 

ആശുപത്രിയില്‍ ഹൽദ്വാനി കലാപത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾക്കൊപ്പമാണ് പ്രകാശ് കുമാറിന്റെ മൃതദേഹവും ഉണ്ടായിരുന്നത്. ‌മൃതദേഹത്തിനു സമീപത്തു നിന്ന് ഇയാളുടെ മൊബൈൽ ഫോൺ പൊലീസിനു ലഭിച്ചിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തിൽ ബിരേന്ദർ സിങ്, ഭാര്യ പ്രിയങ്ക, ഭാര്യാസഹോദരൻ സൂരജ് ബെയിൻ, ബന്ധുക്കളായ പ്രേം സിങ്, നയിംഖാൻ എന്നിവരെയും പൊലീസ് പ്രതിചേർത്തു. 

English Summary:

Tragic Love Triangle Ends in Murder Amidst Haldwani Riots: Police Officer Exacts Deadly Revenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com