ബിജെപിക്ക് ക്രോസ് വോട്ട് ചെയ്ത് 6 കോൺഗ്രസ് എംഎൽഎമാർ, ജയം; ഹിമാചലിൽ ഭരണപ്രതിസന്ധി
Mail This Article
ഷിംല ∙ ഹിമാചൽ പ്രദേശിൽ രാജ്യസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത് നാടകീയ സംഭവങ്ങൾ. 6 കോൺഗ്രസ് എംഎൽഎമാരെ സിആർപിഎഫ് സംഘം തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു രംഗത്തുവന്നു. ആറു കോൺഗ്രസ് എംഎൽഎമാരെയും മൂന്നു സ്വതന്ത്ര എംഎൽഎമാരെയും സിആർപിഎഫ് ഹരിയാനയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.
Read also: രാജ്യസഭ: കര്‍ണാടകയില്‍ ബിജെപിയുടെ അട്ടിമറിനീക്കം പാളി; ഹിമാചലിൽ കോൺഗ്രസിന് തിരിച്ചടി
‘‘വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ പ്രതിപക്ഷ നേതാക്കൾ പോളിങ് ഓഫിസർമാരെ ഭീഷണിപ്പെടുത്തിയ രീതി ഒരിക്കലും ജനാധിപത്യത്തിന് ചേർന്നതല്ല. കുറെ നേരത്തേക്ക് വോട്ടെണ്ണൽ നിർത്തിവച്ചു. ജനങ്ങൾക്കുമേൽ ഇത്ര സമ്മർദം കൊടുക്കരുതെന്ന് ഹിമാചലിലെ ബിജെപി നേതാക്കളോട് ആവശ്യപ്പെടുകയാണ്. സിആർപിഎഫും ഹരിയാന പൊലീസും ചേർന്ന് 5–6 കോൺഗ്രസ് എംഎൽഎമാരെ കടത്തിക്കൊണ്ടു പോയി. എംഎൽഎമാർ എത്രയും പെട്ടെന്ന് അവരുടെ കുടുംബത്തെ ബന്ധപ്പെടണമെന്നും പരിഭ്രമിക്കാൻ ഒന്നുമില്ലെന്നും അറിയിക്കുകയാണ്’’– സുഖ്‍വിന്ദർ പറഞ്ഞു.
ഹിമാചലിൽ കോൺഗ്രസ് സർക്കാരിനു ഭൂരിപക്ഷം നഷ്ടമായെന്നു ബിജെപി അവകാശപ്പെട്ട് മണിക്കൂറുകൾക്കകമാണു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ മനു അഭിഷേക് സിങ്‍വിയെ ബിജെപിയുടെ ഹർഷ് മഹാജൻ പരാജയപ്പെടുത്തി. ഇരു സ്ഥാനാർഥികൾക്കും 34 വോട്ടുകൾ വീതം ലഭിച്ചപ്പോൾ നറുക്കെടുപ്പിലൂടെയാണ് ഹർഷിനെ വിജയിയായി പ്രഖ്യാപിച്ചത്.
68 അംഗ ഹിമാചൽ നിയമസഭയിൽ 40 എഎൽഎമാരാണ് കോൺഗ്രസിനുള്ളത്. കോൺഗ്രസിന്റെ ആറ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ക്രോസ് വോട്ട് ചെയ്തതോടെയാണ് ബിജെപി സ്ഥാനാർഥിക്ക് 34 വോട്ട് ലഭിച്ചത്. നിലവിൽ ബിജെപിക്ക് 25 എംഎൽഎമാരാണുള്ളത്. ഇതോടെ ഉത്തരേന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനത്തെ ഭരണം പ്രതിസന്ധിയിലായി. സുഖ്‍വിന്ദർ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് ബിജെപി നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്.