‘അഴിമതിയെ മോദി വ്യവസ്ഥാപിതമാക്കി; ബിജെപി നേതാക്കൾ ഉൾപ്പെട്ട കേസുകൾ കോൾഡ് സ്റ്റോറേജിൽ’
Mail This Article
കോഴിക്കോട് ∙ അഴിമതിയെക്കുറിച്ച് പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അർഹതയില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം തപൻ സെൻ. അഴിമതിയെ വ്യവസ്ഥാപിതമാക്കിയ പ്രധാനമന്ത്രിയാണു മോദി. ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. രാജ്യത്തെ അന്വേഷണ ഏജൻസികളെയും ധനകാര്യ സ്ഥാപനങ്ങളെയും അഴിമതി നടത്താനുള്ള മറയാക്കി. പ്രതിപക്ഷ നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു വേട്ടയാടുമ്പോൾ ബിജെപി നേതാക്കൾ ഉൾപ്പെട്ട കേസുകൾ കോൾഡ് സ്റ്റോറേജിലാണ്.
മോദി ഭരണം രാജ്യത്തിന് എതിരാണ്. അവർ ഭരണഘടനയെ തകർത്തു. ജനാധിപത്യത്തെയും ജുഡീഷ്യറിയെയും ദുർബലമാക്കി. അസമത്വത്തിൽ ലോക റാങ്കിങ്ങിൽ വളരെ മുന്നിലാണ് ഇന്ത്യ. കർഷകരുടെ അവസ്ഥ കൂടുതൽ ദയനീയമായി. രാജ്യാന്തര ഏജൻസികളുടെ പഠന റിപ്പോർട്ടുകളിൽ ഇന്ത്യയുടെ പിന്നാക്കാവസ്ഥ വെളിപ്പെടുത്തുന്നു. പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ശബ്ദം ശക്തിപ്പെടുത്തണം. രാജ്യത്തെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്നത് ഇടതുപക്ഷം മാത്രമാണ്. പാർലമെന്റിനകത്തും തെരുവുകളിലും പ്രക്ഷോഭം സംഘടിപ്പിക്കുന്നു. കർഷക സമരത്തിൽ നാമത് കണ്ടു.
ഇലക്ടറൽ ബോണ്ട് അഴിമതി പുറത്തു കൊണ്ടുവന്നത് ഇടതുപക്ഷമാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. കോൺഗ്രസ് ഇപ്പോഴും മൃദുഹിന്ദുത്വ സമീപനമാണു സ്വീകരിക്കുന്നത്. നിർണായക ഘട്ടങ്ങളിലെല്ലാം അവർ പാർലമെന്റിൽ മൗനം പാലിച്ചു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞപ്പോഴും യുഎപിഎ, ലേബർ കോഡ്, ക്രിമിനൽ നിയമ ഭേദഗതി എന്നിവ പാസാക്കിയ ഘട്ടത്തിലും കോൺഗ്രസ് മൗനത്തിലായിരുന്നു– തപൻ സെൻ ആരോപിച്ചു.