ഇറാനിയൻ ബോട്ടിനെ കടലിൽവച്ച് വളഞ്ഞ് ഇന്ത്യൻ കോസ്റ്റ്ഗാർഡ്; വിഡിയോ പുറത്ത്
Mail This Article
കൊച്ചി ∙ കോഴിക്കോട് കൊയിലാണ്ടിക്കു സമീപം തമിഴ്നാട് സ്വദേശികളുമായി കണ്ടെത്തിയ ഇറാനിയൻ ബോട്ടിനെ കടലിൽവച്ച് കോസ്റ്റ് ഗാർഡ് കപ്പൽ കസ്റ്റഡിയിലെടുക്കുന്നതിന്റെ വിഡിയോ പുറത്ത്. കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടിയിൽനിന്ന് 20 നോട്ടിക്കൽ മൈൽ ദൂരെ ഇറാനിയൻ ബോട്ട് കണ്ടെത്തിയത്.
കോസ്റ്റ്ഗാർഡിന്റെ ഐസിജെഎസ് അഭിനവ് എന്ന കപ്പലാണ് ബോട്ടും അതിലുണ്ടായിരുന്ന ആറു കന്യാകുമാരി സ്വദേശികളെയും കസ്റ്റഡിയിലെടുത്തത്. ഇറാനിൽ ജോലിക്കു പോയ തൊഴിലാളികൾ ജോലിസാഹചര്യം മോശമായതിനെത്തുടർന്ന് ബോട്ടിൽ ഇന്ത്യയിലേക്കു രക്ഷപ്പെടുകയായിരുന്നു. കന്യാകുമാരി സ്വദേശികളായ ആറു പേരും കഴിഞ്ഞ വർഷം മാർച്ച് 26 നാണ് ഇറാനിൽ മത്സ്യത്തൊഴിലാളികളായി ജോലി ആരംഭിച്ചത്.
സയ്യദ് സൗദ് ജാബരി എന്നയാളായിരുന്നു ഇവരുടെ സ്പോൺസർ. എന്നാൽ വാഗ്ദാനം ചെയ്ത ശമ്പളമോ പിടിക്കുന്ന മത്സ്യത്തിന്റെ വിഹിതമോ ഇവർക്ക് ലഭിച്ചില്ല. കഠിനമായ ജോലിയും താമസ സൗകര്യം അടക്കം ലഭിക്കാത്തതും ചോദ്യം ചെയ്തപ്പോൾ മർദനവും കൂടിയായതോടെ മത്സ്യബന്ധനത്തിനു പോകുന്ന വഴി ബോട്ടുമായി രക്ഷപ്പെടുകയായിരുന്നു.
ഇന്ത്യൻ കടലിൽ വച്ച് ഇന്ധനം തീർന്നപ്പോൾ ഇവർ വിവരം തമിഴ്നാട് മത്സ്യത്തൊഴിലാളി അസോസിയേഷനെ അറിയിച്ചു. അസോസിയേഷൻ ഭാരവാഹികൾ സംസ്ഥാന സർക്കാരിനെയും തുടർന്ന് കോസ്റ്റ്ഗാർഡിനെയും അറിയിക്കുകയായിരുന്നു. തൊഴിലാളികളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്.