നവജാത ശിശുവിന്റെ മൃതദേഹം വീട്ടുകാർ ഏറ്റെടുത്തില്ല; സംസ്കാരം നടന്നത് പൊലീസിന്റെ നേതൃത്വത്തിൽ
Mail This Article
കൊച്ചി∙ ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് മാതാവ് താഴേക്കെറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു. പുല്ലേപ്പടിയിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. കൊച്ചി മേയർ എം.അനിൽകുമാര്‍ കുഞ്ഞിന് അന്ത്യാഞ്ജലി അർപ്പിച്ചു. വീട്ടുകാർ മൃതദേഹം ഏറ്റെടുക്കാത്തതിനാൽ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു സംസ്കാരം. പ്രസവശേഷമുള്ള അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ മാതാവ് ഇപ്പോഴും അവിടെ തുടരുകയാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നതിന് അനുസരിച്ചു മാത്രമേ കുടുതൽ ചോദ്യം ചെയ്യൽ ഉണ്ടാകൂ.
വെള്ളിയാഴ്ച രാവിലെ 8.20നാണ് കൊച്ചി പനമ്പിള്ളി നഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുകളിൽ നിന്ന് റോഡിലേക്ക് എന്തോ വീഴുന്ന ദൃശ്യം സിസി ടിവിയിൽ പതിഞ്ഞതോടെ സമീപത്തുള്ള ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവതിയിലേക്ക് അന്വേഷണമെത്തി. ഇവർ ഗർഭിണിയായിരുന്ന കാര്യം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല എന്ന് പൊലീസ് വ്യക്തമാക്കി. ഫ്ലാറ്റിലെ കുളിമുറിയിൽ പ്രസവിച്ച യുവതി പരിഭ്രാന്തിയെ തുടർന്ന് കുഞ്ഞിനെ ഒരു കുറിയർ കവറിലാക്കി താഴേക്ക് എറിയുകയായിരുന്നു. യുവതി ലൈംഗിക പീഡനത്തെ തുടർന്നാണോ ഗർഭിണി ആയതെന്ന് സംശയമുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുകയാണെന്നും പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയില്‍ പ്രാഥമിക മൊഴിയെടുക്കാന്‍ മാത്രമേ പൊലീസിന് സാധിച്ചിട്ടുള്ളൂ. ആദ്യം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും അണുബാധയുണ്ടായതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ സുഹൃത്തായ യുവാവിൽ നിന്ന് പൊലീസ് മൊഴിയെടുത്തെങ്കിലും ഇയാൾക്കെതിരെ കുറ്റമാരോപിക്കാൻ വകുപ്പില്ല എന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷം യുവതിയെ കസ്റ്റഡിയില്‍ വാങ്ങി നടത്തുന്ന വിശദമായ ചോദ്യം ചെയ്യല്‍ അനുസരിച്ചായിരിക്കും കേസിന്റെ മുന്നോട്ടുപോക്ക്. കുഞ്ഞിന്റെ ഡിഎൻഎ സാമ്പിളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.