‘കൊലപാതകത്തിന്റെ തെളിവു കൊണ്ടുവരാൻ സിഐ പറഞ്ഞു’: പന്തീരാങ്കാവ് പൊലീസിനെതിരെ നിമ്മിയുടെ പിതാവ്
Mail This Article
കോഴിക്കോട് ∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് അന്വേഷണത്തിലെ വീഴ്ചയിൽ സസ്പെൻഡ് ചെയ്യപ്പെട്ട സിഐ എ.എസ്.സരിന്‍ മറ്റൊരു കേസിലും ഗുരുതര വീഴ്ച വരുത്തിയതായി ആരോപണം. എ.എസ്.സരിൻ പന്തീരാങ്കാവ് എസ്എച്ച്ഒ ആയിരിക്കെ, മാറാട് സ്വദേശിയായ നിമ്മി (30) ഭർതൃവീട്ടിൽ മരിച്ചത് സംബന്ധിച്ച് പിതാവ് ബാബു രാജൻ നൽകിയ പരാതി അന്വേഷിച്ചിട്ടില്ലെന്നാണ് ആരോപണം. എ.എസ്.സരിൻ പരാതി ഗൗരവത്തിലെടുത്തില്ലെന്നും കൊലപാതകത്തിന്റെ തെളിവ് കൊണ്ടുവരാൻ പറഞ്ഞതായും നിമ്മിയുടെ അച്ഛൻ ബാബു രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
മാർച്ച് 11ന് നിമ്മിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആറാം വിവാഹവാർഷികത്തിന് ഒരാഴ്ച ശേഷിക്കെയായിരുന്നു മരണം. ഭർത്താവ് മൃദുൽ മർദിച്ചിരുന്നതായും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും ചൂണ്ടിക്കാട്ടി അച്ഛൻ പന്തീരാങ്കാവ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പരാതി തീരെ പരിഗണിച്ചില്ലെന്നും കുടുംബം തെളിവ് തരണമെന്ന് പറഞ്ഞതായും പിതാവ് ബാബുരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
‘പന്തീരാങ്കാവ് എസ്ഐയും തെളിവാണ് ചോദിച്ചത്. കുട്ടികളുള്ള നിമ്മി ആത്മഹത്യ ചെയ്യില്ല. തലേദിവസവും ഫോണിൽ സംസാരിച്ചിരുന്നു’– കുടുംബം പറഞ്ഞു. നിമ്മി മരിച്ച വിവരം മറച്ചു വയ്ക്കാൻ ഭർത്താവിന്റെ കുടുംബം ശ്രമിച്ചതായും ആരോപണമുണ്ട്. നിമ്മിക്ക് ഭർത്താവ് ഫോൺ വാങ്ങിക്കൊടുത്തിരുന്നില്ല. പോസ്റ്റുമോർട്ടം ചെയ്യാൻ ഭർത്താവിന്റെ കുടുംബം താൽപര്യം കാട്ടിയില്ല. നിമ്മിയുടെ കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ചാണ് പോസ്റ്റുമോർട്ടം നടത്തിയത്. തൂങ്ങി മരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കള്ളപരാതിയാണെന്നാണ് ഭർത്താവ് മൃദുൽ പറയുന്നത്.