ADVERTISEMENT

‘‘നിങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ ചിലർ ഞങ്ങളുടെ സ്ഥാനാർഥിയെ മോഷ്ടിച്ചു. നിങ്ങൾക്ക് അവരെ ഒരു പാഠം പഠിപ്പിക്കണമെങ്കിൽ നോട്ടയ്ക്ക് വോട്ട് ചെയ്ത് ജനാധിപത്യം സംരക്ഷിക്കൂ’’ – ഒരു കാലത്ത് അരാഷ്ട്രീയത്തിന്റെ നേർചിത്രമെന്ന് പല രാഷ്ട്രീയ പാർട്ടികളും വാദിച്ച നോട്ടയ്ക്കു വേണ്ടി വോട്ട് അഭ്യർഥിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ സജ്ജൻ വർമ സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകളാണിത്. സ്വന്തം സ്ഥാനാർഥിയെ അവസാന നിമിഷം ബിജെപി തങ്ങളുടെ പാളയത്തിലെത്തിച്ചതോടെ മത്സരിക്കാനാളില്ലാതെ നോട്ടയെ പിന്തുണയ്‌ക്കേണ്ടി വന്നു ഇൻഡോറിലെ കോൺഗ്രസിന്. എന്നാൽ ബിജെപിയുടെ താമരപ്പാടത്ത് കോൺഗ്രസിന്റെ ‘നോട്ട’ തന്ത്രം വിജയിച്ചെന്നു വേണം പറയാൻ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ 2 ലക്ഷത്തോളം വോട്ടാണ് നോട്ട സ്വന്തമാക്കിയത്. ഇൻഡോറിൽ ബിജെപി സ്ഥാനാർഥിക്കു പിന്നിലായി രണ്ടാം സ്ഥാനത്താണ് നോട്ട എത്തിയത്. ശക്തരായ എതിരാളികളില്ലാതായതോടെ  11 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ബിജെപി സ്ഥാനാർഥി ശങ്കർ ലാൽവാനി വിജയിച്ചത്. രാജ്യത്തെ തന്നെ മികച്ച ഭൂരിപക്ഷത്തിലൊന്നാവുമിത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡോറിൽ കോൺഗ്രസിന് 5,20,815 വോട്ടുകളും നോട്ടയ്ക്ക് 5045 വോട്ടുകളുമാണ് ലഭിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പ്രകാരം, 78.99% വോട്ടുകൾ നേടിയാണ് ശങ്കർ ലാൽവാനിക്ക് വിജയിച്ചത്. നോട്ടയ്ക്ക് ആകെ വോട്ടിന്റെ 13.62 ശതമാനം വോട്ടുകൾ ലഭിച്ചു. 3.29% വോട്ട് നേടി ബഹുജൻ സമാജ് പാർട്ടിയുടെ സഞ്ജയ് മൂന്നാം സ്ഥാനത്തെത്തി. 61 ശതമാനമായിരുന്നു ഇൻഡോറിലെ പോളിങ് ശതമാനം. ഫല പ്രഖ്യാപനത്തിന് പിന്നാലെ നോട്ടയെ പിന്തുണച്ചതിന് ആളുകളോട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജിതു പട്‌വാരി നന്ദി പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കാൻ പണവും ആളുകളെയും ഉപയോഗിച്ച ബിജെപിക്ക് ജനങ്ങൾ നൽകിയ ഉചിതമായ മറുപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 

ചരിത്രം കുറിച്ച് ഇൻഡോർ

2013ൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറം, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി നോട്ട വോട്ടിങ് മെഷീനിൽ സ്ഥാനം നേടിയത്. മുകളിൽ പറഞ്ഞ ആരുമല്ല (None of the Above) എന്ന അർഥത്തിൽ മെഷീനിൽ സ്ഥാനാർഥികളുടെ പേരിന് ഏറ്റവും താഴെ ഇരിപ്പുറപ്പിച്ച നോട്ടയിലേക്ക് ഇത്തവണ ഇൻഡോറിൽ നിന്ന് മാത്രം വീണത് ലക്ഷക്കണക്കിന് വോട്ടുകൾ. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർഥികൾക്കൊപ്പം നോട്ട വോട്ടിങ് മെഷീനിലുണ്ടായിരുന്നെങ്കിലും രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ നോട്ട നേടുന്ന ഏറ്റവും കൂടിയ വോട്ടാണ് ഇൻഡോറിലേത്.

2019ലെ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ടുകളിൽ 1.06% (65.2 ലക്ഷം) വോട്ടുകൾ‍ നോട്ട സ്വന്തമാക്കിയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ നോട്ടയ്ക്ക് വോട്ട് ചെയ്തതിന്റെ റെക്കോർഡ് ബിഹാറിലെ ഗോപാൽഗഞ്ചിനായിരുന്നു. 51,660 വോട്ടുകളാണ് 2019 തിരഞ്ഞെടുപ്പിൽ ഗോപാൽഗഞ്ചിൽ നിന്ന് നോട്ടയ്ക്ക് ലഭിച്ചത്. 2014ലെ തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിലെ ബസ്തർ ലോക്സഭാ മണ്ഡലത്തിലാണ് കൂടുതൽ പേർ (41,667) നോട്ടയിൽ കൈവിരൽ തൊട്ടത്. എന്നാൽ ആ ചരിത്രമെല്ലാം തിരുത്തിയിരുക്കുകയാണ് ഇൻഡോർ. 

വോട്ട് കൂടി, ചരിത്ര ഭൂരിപക്ഷം

മധ്യപ്രദേശിലെ 29 ലോക്സഭാ മണ്ഡലങ്ങളിലൊന്നായ ഇൻഡോർ വർ‍ഷങ്ങളായി ബിജെപിയുടെ കയ്യിലാണ്. 1989 മുതൽ ബിജെപി മാത്രമാണ് ഇൻഡോറില്‍ വിജയിച്ച് കയറിയത്. എട്ടുതവണ ലോക്സഭാ മുൻ സ്പീക്കർ സുമിത്ര മഹാജന്റെ സ്വന്തം മണ്ഡലം. സുമിത്രയുടെ പിൻഗാമിയായി 2019ലാണ് ശങ്കർ ലാൽവാനിയെ ബിജെപി കളത്തിലിറക്കിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 10,68,569 വോട്ടുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇക്കുറി ഭൂരിപക്ഷം തന്നെ 11 ലക്ഷം കടന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഭൂരിപക്ഷം നേടിയെങ്കിലും അവസാന നിമിഷം കോൺഗ്രസ് സ്ഥാനാർഥിയെ സ്വന്തം പാളയത്തിലെത്തിച്ച ബിജെപി എന്നും വിമർശനങ്ങൾ കേൾക്കും. 

നോട്ടയെ കൂടാതെ 14 സ്ഥാനാർഥികളാണ് ഇൻഡോറിൽ  മത്സരിച്ചത്. ഇൻഡോർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം അവസാന നിമിഷം പത്രിക പിൻവലിക്കുകയായിരുന്നു. ഡമ്മി സ്ഥാനാർഥിയുടെ പത്രിക കൂടി തള്ളിയതോടെയാണ് കോൺഗ്രസിന് ഇൻഡോറിൽ സ്ഥാനാർഥിയില്ലാതെ പോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com